കോവിഡ് പരിശോധന ശക്തമാക്കണമെന്ന നിർദ്ദേശവുമായി ഐസിഎംആർ

രോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളാണ് രാജ്യമെമ്പാടും നിലനില്‍ക്കുന്നത്. പല സംസ്ഥാനങ്ങളും അണ്‍ലോക്കിലാണെങ്കിലും നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവ് അനുവദിച്ചിട്ടില്ല. ഇപ്പോഴിതാ കണ്ടെയ്ന്‍മെന്റ് സോണില്‍ കഴിയുന്ന എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കോവിഡ് വ്യാപനം അതിരൂക്ഷമായി ബാധിച്ച നഗരങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കു നിര്‍ബന്ധമായും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിര്‍ദേശം.

മാത്രമല്ല മറ്റു രാജ്യങ്ങളിലേക്ക് അല്ലെങ്കില്‍ സംസ്ഥാനങ്ങളിലേക്കു പോകുന്നവര്‍ക്ക് അവിടെ പ്രവേശിക്കുന്നതിനു മുന്‍പ് കോവിഡ് നെഗറ്റീവ് ആയിരിക്കണമെന്ന നിബന്ധന വയ്ക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പുതിയ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരവും നല്‍കിയിട്ടുണ്ട്.

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയെങ്കിലും ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പതിവു പരിശോധനകളില്‍ ആന്റിജന്‍ പരിശോധനയ്ക്കു മുന്‍ഗണന നല്‍കണമെന്നും കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്തിടത്ത് ആര്‍ടി പിസിആര്‍ പരിശോധനകള്‍ക്കായിരിക്കണം മുന്‍ഗണനയെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *