കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ വരുമാനം ആഗ്രഹിക്കുന്ന ആർക്കും പരീക്ഷിച്ച് നോക്കാവുന്ന ഒന്നാണ് മുയൽ കൃഷി. കൂടുതൽ ആദായം, ഉയർന്ന രോഗ പ്രതിരോധ ശേഷി, കുറഞ്ഞ ഗർഭകാലം എന്നിവ മുയലിന്റെ പ്രത്യേകതകളാണ്.പ്രത്യേക പരിചരണമൊന്നുമില്ലാതെ ആർക്കും വളർത്താവുന്ന ഒന്നാണ് മുയലുകൾ.
മുയലിനെ വളർത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചർമ്മത്തിനും വേണ്ടിയാണ്. മുയലിറച്ചിയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-ത്രീ-ഫാറ്റി ആസിഡ് കോളസ്ട്രോളും ഹൃദ്രോഗവും ഉണ്ടാകനുള്ള സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. മറ്റ് മാംസാഹാരങ്ങൾ കഴിക്കാൻ പറ്റാത്തവർക്കും മുയലിറച്ചി കഴിക്കാം. വൈറ്റ് ജയന്റ്,സോവിയറ്റ് ചിഞ്ചില,
ഗ്രേ ജയന്റ്, ബ്ലാക്ക് ജയന്റ്, തുടങ്ങി മുപ്പതിലേറെ ഇനങ്ങളിൽ മുയലുകൾ കാണാറുണ്ട്.
മുയൽ വളർത്തലിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മുയൽക്കൂടുകളുടെ നിർമ്മാണമാണ്.സുരക്ഷിതമായ സ്ഥലത്തായിരിക്കണം കൂടുകൾ ഒരുക്കേണ്ടത്.പാമ്പ്, മരപ്പട്ടി, നായ,കീരി,പൂച്ച എന്നിവ മുയലിന്റെ ശത്രുക്കളാണ്.തറനിരപ്പോടെ കൂട് ഒരുക്കുന്നവർ മൂന്നു വശവും കട്ടകൾ കെട്ടി ഒരു വശം കട്ടി കൂടിയതും സുക്ഷിരങ്ങളുടെ അകലം കുറവുള്ളതുമായ ഇരുമ്പ് നെറ്റ് ഉപയോഗിച്ച് വേണം കൂട് നിർമ്മിക്കാൻ.എങ്ങനെയായാലും
വായുസഞ്ചാരമുള്ളതും ഇഴജന്തുക്കൾ കടക്കാത്ത രീതിയിലും വേണം കൂട് നിർമ്മിക്കൂവാൻ.കൂടുകൾ ദിവസവും വൃത്തിയാക്കണം.കൂടുകളുടെ ശുചിത്വമില്ലായ്മ രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
തുറന്നു വിട്ടു വളർത്താത്തവരാണെങ്കിൽ കൂടിനുള്ളിൽ ശൂദ്ധജലവും പച്ചപ്പുല്ലുകളും ദിവസം നാലു നേരമെങ്കിലും നൽകണം.കൂടാതെ വിസർജ്യവസ്തുക്കൾ എളുപ്പത്തിൽ താഴെക്കു പോകുന്നതിനുള്ള മാർഗ്ഗത്തിലാണ് കൂട് നിർമ്മിക്കേണ്ടതും.പെല്ലറ്റ്, തവിട്,എന്നിവയും ദിവസം രണ്ടു നേരം കൊടുക്കാം.പക്ഷെ ഇത് ചിലവ് കൂട്ടും.
പെൺമുയലിനെയും ആൺമുയലിനെയും പ്രത്യേകം പ്രത്യേകം അറകൾക്കുള്ളിൽ വേണം വളർത്തുവാൻ.അഞ്ച് പെൺ മുയലുകൾക്ക് ഒരു ആൺമുയൽ എന്ന അനുപാതത്തിലാണ് വളർത്തേണ്ടത്. 8 മാസം പൂർത്തിയായ ആൺമുയലുകളെയും 6 മാസം പൂർത്തയായ പെൺമുയലുകളെയും ഇണചേർക്കാവുന്നതാണ്. 28- 35 ദിവസമാണ് മുയലിന്റെ ഗർഭകാലം. ഗർഭകാലത്തിന്റെ അവസാന ആഴ്ചയിൽ തടികൊണ്ടോ (കാർഡ് ബോർഡ് ആയാലും മതി)മറ്റോ ഉള്ള ഒരു പെട്ടി ഉണ്ടാക്കി കൂട്ടിൽ വയ്ക്കണം.പ്രസവസമയം അടുത്താല്‍ പെണ്‍മുയല്‍ ഈ പെട്ടിയില്‍ രോമം പൊഴിച്ചും തീറ്റയുടെ ബാക്കിയുള്ള ഇലകൾ അടുക്കിയും കുട്ടികള്‍ക്കായി മെത്തയൊരുക്കും.
ഒരു പ്രസവത്തിൽ 1 മുതൽ 15 കുട്ടികൾ വരെ ഉണ്ടാകും. പത്തു ദിവസം ആകുമ്പോള്‍ രോമം കിളിർത്ത് കുഞ്ഞുങ്ങള്‍ കണ്ണു തുറക്കും. 15 ദിവസമാകുമ്പോള്‍ ചെറുതായി ഭക്ഷണം കഴിച്ചുതുടങ്ങും.30 ദിവസമാകുമ്പോള്‍ തള്ളയുടെ അടുത്തുനിന്ന് മാറ്റാം.കുഞ്ഞുങ്ങളെ മാറ്റി രണ്ട് ആഴ്ചക്ക് ആകുമ്പോ തള്ളമുയലിനെ വീണ്ടും ഇണചേര്‍ക്കാം.
കൂട് ദിവസേന വൃത്തിയാക്കണം. അല്ലാത്തപക്ഷം ഫംഗസ് രോഗങ്ങള്‍ പിടിപെടാം.വർഷത്തിൽ 5 പ്രസവമെങ്കിലും ഒരു മുലയിൽ നിന്ന് പ്രതീക്ഷിക്കാം.മുയൽ ഇറച്ചിക്ക് മാർക്കറ്റിൽ 250/-രൂപയ്ക്ക് മുകളിൽ കിലോയ്ക്ക് വിലയുണ്ട്.അല്ലാതെ വിറ്റാലും വലിയ മുയലുകൾക്ക് നാനൂറും മുയൽ കുഞ്ഞുങ്ങൾക്ക് ഇരുനൂറ് രൂപയും മിനിമം ലഭിക്കും.