
ഹരിതാഭമായ പച്ചപ്പാടങ്ങളും ഒപ്പത്തിനൊപ്പം വളർന്നു നിൽക്കുന്ന കേരനിരകളും പുലർകാലങ്ങളിൽ ക്ഷേത്രങ്ങളിൽ നിന്നുയരുന്ന അഷ്ടപദിയും നാൽക്കവലയിലെ ചായക്കടയിൽ നിന്ന് ചൂടുചായയോടോപ്പം കിട്ടുന്ന ചൂടുള്ള വാർത്തകളും ആമ്പൽകുളത്തിൽ നീരാടാനെത്തുന്നവരുടെ കളിചിരികളും ഉള്ള ഗ്രാമീണ സ്വപ്നമാണോ നിങ്ങളുടേത് … ??
എങ്കിൽ.. മലയുണ്ട് താഴ് വാരമുണ്ട്,
അരുവിയുണ്ട് , പാടശേഖരങ്ങളും,
വീടിനഴകേകാൻ തെച്ചി, ചെമ്പരത്തി
നന്ത്യാർവട്ടപ്പൂവുമുണ്ട്
വീടണയാൻ പോരുന്നോ?
ഇപ്പോഴും മാറ്റമില്ലാതെ നിൽക്കുന്ന ഗ്രാമപ്രദേശങ്ങളാണ് പാലക്കാടിന്റെ സൗന്ദര്യം.ഇങ്ങനൊരു കാഴ്ച കേരളത്തിൽ ഒരുപക്ഷെ പാലക്കാട് മാത്രമാണ് കാണാൻ കഴിയുന്നതും. ഓലപ്പുരയും ഓടിട്ട പുരയും ചെമ്മൺ പാതയും കുടമണി കിലുക്കവുമായി നീങ്ങുന്ന കാളവണ്ടികളും പച്ചപ്പട്ട് വിരിച്ച നെൽപ്പാടങ്ങളും അതിന് കൈവഴിയായി ഒഴുകുന്ന അസംഖ്യം നീർച്ചാലുകളും ഓലമടലുകളും കൊതുമ്പും ക്രാഞ്ഞിലുമെല്ലാം വീണുകിടക്കുന്ന തെങ്ങിൻ തോപ്പുകളും എല്ലാം ചേർന്ന അതിമനോഹരമായ കാഴ്ചകൾ !
*വല്ലപ്പുഴ
ഷൊർണൂർ – നിലമ്പൂർ റെയിൽപാത കടന്നു പോകുന്ന പാലക്കാട് ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് വല്ലപ്പുഴ. പട്ടാമ്പിക്കും ചെർപ്പുളശേരിക്കും ഇടയിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

*ചിറ്റിലഞ്ചേരി
പാലക്കാട് ജില്ലയിലെ ആലത്തൂർ താലുക്കിലെ ചെറിയ ഒരു ഗ്രാമമാണ് ചിറ്റിലഞ്ചേരി. സുന്ദരമായ നെൽപ്പാടങ്ങളാണ് ഈ ഗ്രാമത്തിന്റെ സൗന്ദര്യം.
*കൊല്ലങ്കോട്
പാലക്കാട് ടൗണിൽ നിന്ന് 19 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് കൊല്ലങ്കോട്. നെല്ലിയാമ്പതി, സീതക്കുണ്ട്, പോത്തുണ്ടി ഡാം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വഴി കൂടിയാണ് ഇത്.
*പുറമത്ര
കുലുക്കല്ലൂർ പഞ്ചായത്തിലാണ് പുറമത്ര എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആനക്കൽ നരിമട, ആനക്കൽ പാറ , എന്നിവയാണ് പുറമത്രയ്ക്ക് സമീപത്തെ കാഴ്ചകൾ.
*നെന്മാറ
പാലക്കാട് ജില്ലയിൽ തൃശൂർ പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് നെന്മാറ. നെല്ലിയാമ്പതി, പോത്തുണ്ടിഡാം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നെന്മാറ വഴി പോകാം.
*ചിനക്കത്തൂർ
ചിനക്കത്തൂർ പൂരത്തിന്റെ പേരിൽ പ്രശസ്തമായ പാലപ്പുറം ഒരു നെയ്ത്ത്ഗ്രാമമാണ്. ഒറ്റപ്പാലം താലൂക്കിൽ പാട്ടാമ്പി – പാലക്കാട് റോഡിൽ ആണ് പാലപ്പുറം സ്ഥിതി ചെയ്യുന്നത്.
*പല്ലാവൂർ
പാലക്കാട് ജില്ലയിലെ ഒരു ബ്രാഹ്മണ അഗ്രഹാരമാണ് പല്ലാവൂർ. തായമ്പക വിദ്വാന്മാരായ പല്ലാവൂർ ത്രയങ്ങളുടെ ജന്മനാടാണ് ഈ സ്ഥലം.
*കാൽപ്പാത്തി
തനി നാടൻ കാഴ്ചകളുടെയും രഥോത്സവത്തിന്റെയും കൊണ്ടാട്ടത്തിന്റെയും അഗ്രഹാരങ്ങൾ.
*മലമ്പുഴ
കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ. പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും കാവല്‍ നില്‍ക്കുന്ന മലനിരകളുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെ അക്ഷയഖനിയാണ്.
*മുതലമട
ആൽമരങ്ങളുടെ തണലും ആൾക്കൂട്ട ബഹളങ്ങളും ഒന്നുമില്ലാത്ത ഒരു പ്രശാന്ത സുന്ദരമായ ഗ്രാമം.മുപ്പതോളം സിനിമകൾ ചിത്രീകരിച്ച ഒരു റെയിൽവേ സ്റ്റേഷൻ ഇവിടെയുണ്ട്.പശ്ചിമഘട്ടത്തിന്റെ താഴ്വാരത്ത് നെല്ലിയാമ്പതി മലനിരകൾക്ക് കീഴിൽ ഉയർന്നു നിൽക്കുന്ന ആൽമരങ്ങൾ. അതിൽ നിന്നും താഴേക്കിറങ്ങി നിലത്ത് മുട്ടിനിൽക്കുന്ന വേരുകൾ. അവയ്ക്കിടയിൽ പടർന്നുപിടിച്ച തണലിൽ യാത്രികർക്കായുള്ള നീളൻ ബെഞ്ചുകൾ. കുരുവികളും അണ്ണാനും മയിലുകളും ദൃശ്യവിരുന്നൊരുക്കുന്ന പ്ലാറ്റ്‌ഫോം. പ്ലാറ്റ്‌ഫോമുകൾക്കിരുവശവും പാലക്കാൻ ഗ്രാമങ്ങളുടെ പ്രതീകമായ കരിമ്പനകൾ.
പാലക്കാടൻ കാഴ്ചകൾ ഇവിടെ തീരുന്നില്ല.പാടത്തിൻ കരയിലെ കരിമ്പനക്കൂട്ടങ്ങളുടെ നെറുകയിൽ ചെന്തമഴിന്റെ ഈണമുള്ള പാലക്കാടൻ കാറ്റ് താളം പിടിക്കുന്നു. അങ്ങകലെ മലമ്പുഴയുടെ വിഹായസ്സിലേക്ക് മുടിയഴിച്ചിട്ടിരിക്കുന്നു ഒരു കാലം. അളവറ്റ സംസ്കൃതിയിലേക്ക് നിഴൽ പരത്തി വളർന്നൊരു നാട്. ചുട്ടുപൊള്ളുന്ന വെയിലിൽ കുരുത്തുമുളച്ച ഈ നാടിന്റെ തനിമകൾക്ക് ഇന്ന് കാലമേറെ കഴിഞ്ഞപ്പോഴും ഒരുമാറ്റവുമില്ല. മലയാളികൾ നട്ടു നനച്ച് വളർത്തിയ തസ്രാക്കിലെ ഓർമ്മകൾക്കെല്ലാം ഇന്നും യൗവനം. ഗതകാലത്തിന്റെ വശ്യതകൾ ഓരോന്നും വിട്ടുപോകാതെ മനസ്സിലെത്തിക്കുന്ന നാട്ടുവഴികളിൽ പാലക്കാടൻ ഗ്രാമങ്ങൾ വീണ്ടെടുക്കുന്നത് പ്രൗഢമായൊരു ഇന്നലെകളെയാണ്. വാളയാറിന്റെ അതിരുകൾ കടന്നെത്തിയ മറുനാഗരികതെയും സ്വീകരിച്ച് നല്ലമലയാളത്തെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഈ നാടിന് പങ്കുവെക്കാൻ വിശേഷങ്ങൾ ഏറെയുണ്ട്. അരിമാവു കൊണ്ട് വീടിന്റെ പൂമുഖത്ത് കോലമെഴുതി നാരായണീയത്തിൽ മുഖരിതമായ പ്രഭാതങ്ങളെ വരവേൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കൽപ്പാത്തിയിലെ ബ്രാഹ്മണ ഗ്രാമങ്ങൾ. ചുട്ടുപൊള്ളുന്ന തട്ടിൽ നിന്നും ആവി പറക്കുന്ന രാമശ്ശേരി ഇഡ്ഡലി. കൈതയോലകളിൽ പൊതിഞ്ഞ കട്ടിമധുരമായ കരിപ്പെട്ടി. ചുടുകാറ്റ് തുപ്പി കൂവി കിതച്ചുാേപകുന്ന തീവണ്ടികൾ നെടുകെ മുറിക്കുന്ന ഊഷരമായ കൃഷിയിടങ്ങൾ. ഇതെല്ലാം കഴ്ചകളിലേക്ക് കൂട്ടിയോജിപ്പിച്ചാൽ പാലക്കാട് എന്ന ദേശം തെളിയുകയായി.






