കൊച്ചി: വിവാഹത്തിന് മറ്റാരും ആവശ്യപ്പെടാതെ വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി. വീട്ടുകാര്‍ നല്‍കുന്നതും ചട്ടപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ സമ്മാനങ്ങള്‍ സ്ത്രീധനം ആകില്ലെന്നാണ് ഹോക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ സ്ത്രീധന നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല. അതേസമയം വധുവിന നല്‍കുന്ന ഇത്തരം സമ്മാനങ്ങള്‍ മറ്റാരെങ്കിലും കൈപ്പറ്റിയെന്ന് തെളിഞ്ഞാല്‍ മാത്രമേ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് അതില്‍ ഇടപെടാനാകൂ എന്നും കോടതി പറഞ്ഞു.
കൊല്ലം സ്ത്രീധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എം ആര്‍ അനിതയാണ് ഹര്‍ജി പരിഗണിച്ച് ഉത്തരവാക്കിയത്. അതേസമയം ഒരു പരാതി ലഭിച്ചാല്‍ തെളിവെടുക്കാനും അന്വേഷണം നടത്താനും സ്ത്രീധന നിരോധന ഓഫീസര്‍ക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
വീട്ടുകാര്‍ തനിക്ക് നല്‍കിയ സ്വര്‍ണ്ണം ഭര്‍ത്താവിന്റെ കൈവശമാണെന്നും അത് തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട കൊല്ലം സ്വദേശി നല്‍കിയ പരാതിയില്‍, സ്വര്‍ണ്ണം തിരിച്ച് നല്‍കാന്‍ സ്ത്രീധന നിരോധന ഓഫീസര്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വിഷ്ണുവിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്താണ് വിഷ്ണു ഹൈക്കോടതിയെ സമീപിച്ചത്.
2020 ലാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഭാര്യ സ്ത്രീധന കേസുകളുമായി ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. തനിക്ക് 55 പവന്റെ ആഭരണങ്ങളും ഭര്‍ത്താവിന് മാലയും നല്‍കിയെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ ഓഫീസറുടെ ഉത്തരവില്‍ ആഭരണങ്ങള്‍ സ്ത്രീധനമായി ലഭിച്ചതാണോ എന്ന് വ്യക്തമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധനം ആണെന്ന് ഉറപ്പില്ലാതെ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ് റദ്ദാക്കി.