TRENDING

ഓണനാളില്‍ പിപിഇ കിറ്റണിഞ്ഞ പോരാളികള്‍

വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. അത്തപ്പൂക്കളവും, സദ്യയും, പായസവുമൊക്കെയായി ആഘോഷിക്കുമ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സദാസമയം മുഴുകിയിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ഓണം എങ്ങനെ എന്ന് നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചിട്ടില്ലെങ്കില്‍ ചിന്തിക്കണം.

നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത്തവണ സേവനമാണ് അവരുടെ ഓണം. മുന്‍കാലങ്ങളിലും ഓണത്തിന് ആരോഗ്യപ്രവര്‍ത്തകരുടെ അവധി പത്ത് ദിവസം നീളുന്നതൊന്നുമായിരുന്നില്ല. ഉത്രാടത്തിനോ തിരുവോണത്തിനോ എതെങ്കിലും ഒരുദിവസം കുടുംബത്തോടൊപ്പം കഴിയാനുള്ള ഒരു അവസരം അത്രമാത്രം.

Signature-ad

പക്ഷേ, ഇത്തവണ അതുമുണ്ടാവില്ല. ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലുമൊക്കെ ഓണപ്പുലരിയിലും ഇവരുണ്ടാവും രോഗികളെ സ്വീകരിക്കാനും അവര്‍ക്ക് ആശ്വാസം പകരാനും. ഇത്തവണ ഞങ്ങളുടെ ഓണം ഈ രോഗികളോടൊപ്പമാണ്. അവിര്‍ക്കില്ലാത്ത ഓണം ഞങ്ങള്‍ക്കുമില്ല എന്ന നിലപാടിലാണ് പല ആരോഗ്യപ്രവര്‍ത്തകരും.

രോഗികളുടെ ആശ്വാസത്തോടെയുള്ള ചിരിയാവും ഇവരുടെ സന്തോഷത്തിന്റെ പൂക്കളങ്ങള്‍.ജോലിയിലുള്ളവര്‍ അതുകഴിഞ്ഞിറങ്ങിയാല്‍ നിശ്ചിതദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞു വേണം വീടെത്താന്‍. കോവിഡ് വാര്‍ഡില്‍ ജോലിയിലുള്ളവര്‍ക്കും ജോലി കഴിഞ്ഞവര്‍ക്കും ഓണം വീട്ടുകാരുടെ സാമീപ്യമില്ലാതാവും.

മാസങ്ങളായി വീട്ടില്‍ പോകാത്തവരുണ്ട്. ചെറിയ കുഞ്ഞുങ്ങള്‍ അച്ഛനമ്മമാര്‍ക്കൊപ്പമാണ്. കുട്ടികളെ കണ്ടിട്ട് ഒരുപാട് നാളായവരുണ്ട്. കൈക്കുഞ്ഞിനെ വീട്ടില്‍ ഏല്‍പ്പിച്ച് പോന്നവരുണ്ട് ഈ വേദനയെല്ലാം അവര്‍ ഒതുക്കുന്നത് തങ്ങളുടെ സേവനത്തിലെ ആത്മസംതൃപ്തി കൊണ്ടാണ്.

മൊബൈല്‍ ഫോണുകളില്‍ അവരുടെ കളിചിരികള്‍ കണ്ട് ആശ്വാസത്തോടെ ചിരിക്കാന്‍ ശ്രമിക്കുന്നവര്‍. കുട്ടികള്‍ക്കുമറിയാം തങ്ങളുടെ മാതാപിതാക്കള്‍ എറ്റെടുത്തിരിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് അതിനാല്‍ പിടിവാശികളൊന്നുമില്ലാതെ എല്ലാം മാറി വേഗം ഞങ്ങളുടെ മാതാപിതാക്കള്‍ അരികിലെത്തണെ എന്ന പ്രാര്‍ത്ഥനയിലാണ് അവര്‍. വളരെപ്പെട്ടെന്നാണ് ചിന്തകളില്‍ വലിയവരായത്. നാടൊട്ടുക്ക് ജാഗ്രതയോടെ പെരുമാറുമ്പോള്‍ കുട്ടികളും അത് പകര്‍ത്തുന്നു. നാളെയുടെ വാഗ്ദാനമായവര്‍ക്ക് എന്നും മാതൃകയാവട്ടെ അവരുടെ ഈ മാതാപിതാക്കള്‍.

Back to top button
error: