മലയോര മേഖലകളില്‍ ന്യൂനപക്ഷങ്ങളെ പിടിക്കാന്‍ ബിജെപി നീക്കം ; മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ മുന്‍ഗണന

കോഴിക്കോട്: കണ്ണൂരിലെയും കോഴിക്കോട്ടെയും മലയോര മേഖലകളിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പിടിക്കാന്‍ ബിജെപിയുടെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തപ്പാനാണ് നിര്‍ദേശം. പ്രാദേശിക മേഖലയിലെ സ്ഥിതി മനസ്സിലാക്കി മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് ആലോചന. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്കാന് ആവശ്യശപ്പട്ട് കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്.
ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഇറക്കിയ സര്‍ക്കുലറാണ് പുറത്തുവന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് സര്‍ക്കുലറിലെ നിര്‍ദേശം. സംസ്ഥാന ഘടകം നടത്തിയ സര്‍വ്വേയില്‍ ഓരോ പഞ്ചായത്തിലും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നത് ഉചിതമായിരിക്കുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
കണ്ണൂരിലെ മലയോര മേഖലയിലെ ഒമ്പത് പഞ്ചായത്തുകളാണ് പുറത്തുവന്ന സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നത്. പഞ്ചായത്ത്, അതില്‍ നല്‍കേണ്ട സീറ്റിന്റെ എണ്ണം എന്നിവയെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കാര്യമായ ഗ്രിപ്പ് ഉണ്ടാക്കാനാണ് ബിജെപിയുടെ പദ്ധതി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ക്രിസ്തീയ വിഭാഗത്തെ കയ്യിലെടുക്കാനാണ് ഉദ്ദേശം.






