Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ഗാസയിലെ മുഴുവന്‍ തുരങ്കങ്ങളും നശിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രായില്‍ പ്രതിരോധ മന്ത്രി ; ഉത്തരവ് നല്‍കിയത് മന്ത്രി ഇസ്രായില്‍ കാറ്റ്‌സ് : തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് പ്രതിരോധ മന്ത്രി :

 

തെല്‍അവീവ് ; ഗാസ മുനമ്പിലെ മുഴുവന്‍ ഹമാസ് തുരങ്കങ്ങളും പൂര്‍ണമായും നശിപ്പിക്കാന്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി ഇസ്രായില്‍ കാറ്റ്‌സ്. തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് കാറ്റ്‌സ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ നിരായുധീകരണ പ്രക്രിയ പലസ്തീന്‍ വിഭാഗങ്ങളെ നിരായുധീകരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഹമാസിന്റെ തുരങ്ക ശൃംഖലയുടെ പൂര്‍ണ്ണമായ നാശവും ഉള്‍പ്പെടുന്നതായും മുന്‍പും കാറ്റ്‌സ് പറഞ്ഞിരുന്നു.
ഗാസയില്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള യെല്ലോ സോണില്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചതായി പ്രതിരോധ മന്ത്രി സൂചിപ്പിച്ചെന്ന് ജര്‍മ്മന്‍ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായിലിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിന്റെ 53 ശതമാനം വരുന്ന യെല്ലോ സോണിന്റെ കിഴക്കന്‍ ഭാഗത്തുള്ള തുരങ്കങ്ങളില്‍ ഹമാസ് അംഗങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി ഇസ്രായേല്‍ സൈനിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, ആയുധങ്ങള്‍ കൈമാറുന്നതിന് പകരമായി 100 നും 200 നും ഇടയില്‍ ഹമാസ് പോരാളികള്‍ക്ക് സുരക്ഷിതമായ വഴി അനുവദിക്കാന്‍ അമേരിക്ക ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് വ്യക്തമാക്കി. ഗാസയിലെ യെല്ലോ ലൈനില്‍ ഇസ്രായിലി ഭാഗത്ത് നിലവില്‍ കുടുങ്ങിക്കിടക്കുന്ന ഹമാസ് പോരാളികളെ കേന്ദ്രീകരിച്ചുള്ള ഈ സംരംഭം, യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന പദ്ധതി പ്രകാരം ഗാസയില്‍ അമേരിക്ക നടപ്പാക്കാന്‍ പ്രതീക്ഷിക്കുന്ന വിശാലമായ നിരായുധീകരണത്തിനും പൊതുമാപ്പ് പരിപാടിക്കും മാതൃകയായി വര്‍ത്തിക്കുമെന്ന് വിറ്റ്കോഫ് പറഞ്ഞു.

Back to top button
error: