Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ഡോളറിനെതിരേ റിയാലിന്റെ മൂല്യം 13,90,000; യുദ്ധത്തിനുശേഷം അടിമുടി തകര്‍ന്ന് ഇറാന്‍; പ്രതിഷേധവുമായി ജനം; ഗവര്‍ണറുടെ ഓഫീസ് ആക്രമിച്ച് ജനക്കൂട്ടം; ഈ വര്‍ഷം ജിഡിപി 2.8 ശതമാനം കുറയുമെന്നും പ്രവചനം

ടെഹ്‌റാന്‍: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇറാനില്‍ പ്രതിഷേധത്തിനിടെ സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച് പ്രതിഷേധക്കാര്‍. തെക്കന്‍ നഗരമായ ഫസയിലാണ് സംഭവം. പ്രവിശ്യ ഗവര്‍ണറുടെ ഓഫീസാണ് ബുധനാഴ്ച അക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗവര്‍ണറുടെ ഓഫീസിന്റെ വാതിലിന്റെ ഭാഗങ്ങള്‍ തകര്‍ന്നു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി ഫാസയിലെ ജുഡീഷ്യറി വിഭാഗം വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

വിലക്കയറ്റം, നാണയപ്പെരുപ്പം, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയ്‌ക്കെതിരെ തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് സംഭവം. ഞായറാഴ്ച ടെഹ്‌റാനിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. തലസ്ഥാനത്തെ സര്‍വകലാശാലകളിലടക്കം പ്രതിഷേധം തുടര്‍ന്നു. ഇസ്ഫഹാന്‍, യസ്ദ്, സഞ്ജന്‍ തുടങ്ങിയ മറ്റ് നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.

Signature-ad

പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫര്‍സിന്‍ രാജിവച്ചിരുന്നു. പകരം, മുന്‍ സാമ്പത്തിക മന്ത്രി അബ്ദുള്‍നാസര്‍ ഹെമ്മാതിയെ സ്ഥാനത്തേക്ക് നിയമിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. 2025 ല്‍ ഇറാന്റെ ജിഡിപി 1.7 ശതമാനവും 2026 ല്‍ 2.8 ശതമാനവും കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചതോടെ സമ്പദ്വ്യവസ്ഥ നിലവില്‍ മാന്ദ്യത്തിന്റെ ഭീഷണിയിലാണ്. ഒക്ടോബറില്‍ പണപ്പെരുപ്പം 40 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 48.6% ലെത്തി.

അതേസമയം തിങ്കളാഴ്ച ഡോളറിനെതിരെ റിയാലിന്റെ മൂല്യം 13,90,000 എന്ന പുതിയ റെക്കോര്‍ഡ് എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. 2015-ല്‍ ഇറാന്റെ ആണവ പദ്ധതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കിയ ആണവ കരാറിന്റെ സമയത്ത് ഇറാന്റെ കറന്‍സി ഡോളറിനെതിരെ 32,000 റിയാലായിരുന്നു വ്യാപാരം. 2018-ല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി കരാറില്‍നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ആ കരാര്‍ അവസാനിച്ചത്.

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ ഖുദ്‌സ് ഫോഴ്‌സിനെ നയിച്ചിരുന്ന, മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തോടെയാണ് യഥാര്‍ഥത്തില്‍ ഇറാന്റെ തകര്‍ച്ച ആരംഭിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിനു പിന്നാലെ അദ്ദേഹം ഇതിഹാമായി മാറിയെങ്കിലും അതിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളത്.

2020 ജനുവരിയില്‍ കൊലപാതകത്തിന് തൊട്ടുപിന്നാലെ ഖമേനി പിന്‍ഗാമിയായി നിയമിച്ച അദ്ദേഹത്തിന്റെ ജനറല്‍ ഇസ്മായില്‍ ഖാനിക്കുപക്ഷേ അതേ ‘കരിസ്മ’ നിലനിര്‍ത്താനും കഴിഞ്ഞിട്ടില്ല. സാമ്പത്തികമായും ധാര്‍മികമായും തകര്‍ന്ന രാജ്യം ഇസ്ലാമിക വിപ്ലവം കഷ്ടിച്ചു നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഇസ്രയേല്‍ ചാരന്‍മാരെന്ന് ആരോപിച്ച് ഒരു വിഭാഗത്തിനെതിരേ വിചാരണയും വധശിക്ഷയും വ്യാപകമാക്കിയത്.

സുലൈമാനി ഒരു സൈനിക കമാന്‍ഡറിനപ്പുറം നയതന്ത്രം, മാനസിക യുദ്ധം, സൈനിക ശക്തി എന്നിവ എങ്ങനെ സംയോജിപ്പിക്കണമെന്ന് അറിയാവുന്ന ഒരു മികച്ച തന്ത്രജ്ഞനുമായിരുന്നു. വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായി സേവനമനുഷ്ഠിച്ച ഖാനിക്ക്, മിഡില്‍ ഈസ്റ്റിലുടനീളം വ്യാപിച്ചുകിടക്കുന്ന വിവിധ ഷിയാ പോരാളികള്‍ക്കിടയില്‍ ഏകോപനത്തിനുള്ള കഴിവും ശേഷിയും ഇല്ല. സുലൈമാനി കെട്ടിപ്പടുത്ത സാമ്രാജ്യം തകരാന്‍ തുടങ്ങിയിരിക്കുന്നു. ഇറാഖില്‍ വിമര്‍ശനം വര്‍ധിച്ചുവരികയാണ്; ലെബനനില്‍, ഹസന്‍ നസ്രല്ലയുടെ കൊലപാതകത്തെത്തുടര്‍ന്ന്, ഹിസ്ബുള്ളയുടെ പിടി ഗണ്യമായി ദുര്‍ബലമായി. യെമനില്‍, ഇറാനിയന്‍ സ്വാധീനം ആ രാജ്യത്തെ തളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ഹിസ്ബുള്ളയും ഏതാണ്ടു തകര്‍ച്ചയിലാണ്.

2024ല്‍, തൊഴില്‍പരമായി ഡോക്ടറായ മസൂദ് പെസെഷ്‌കിയാന്‍ ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണകൂടത്തിനായി കൂടുതല്‍ മിതമായ മുഖം അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സാമ്പത്തിക പരിഷ്‌കാരങ്ങളെയും പടിഞ്ഞാറിനോടുള്ള ജാഗ്രതയുള്ള തുറന്ന സമീപനത്തെയും കുറിച്ച് പെസെഷ്‌കിയന്‍ സംസാരിക്കുന്നുണ്ടെങ്കിലും ഖമേനിക്കും പടിഞ്ഞാറിനും ഇടയില്‍ കുടുങ്ങിക്കിടക്കുന്നു. ഒരു വശത്ത് പരമോന്നത നേതാവ് ഖമേനിയും മറുവശത്ത് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും.

സാധാരണ ജീവിതത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം പെസെഷ്‌കിയന് മനസിലാകും. പക്ഷേ സാമ്പത്തിക നിലനില്‍പ്പിനെക്കാള്‍ പ്രത്യയശാസ്ത്രത്തിന് മുന്‍ഗണന നല്‍കുന്ന ഒരു സുരക്ഷാ സ്ഥാപനവുമായി പോരാടുക പെസഷ്‌കിയാനും ബുദ്ധിമുട്ടാണ്. ഇറാന്റെ ആണവ പദ്ധികള്‍ മുന്നോട്ടുകൊണ്ടുപോയി പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരേ പോരാടി നില്‍ക്കാമെന്ന പ്രതീക്ഷയാണ് 2025 ജൂണില്‍ നടന്ന ആക്രമണത്തോടെ ഛിന്നഭിന്നമായിപ്പോയത്. കൃത്യമായ ഇസ്രായേലി-അമേരിക്കന്‍ ആക്രമണത്തില്‍ ആണവ റിയാക്ടറുകളുടെ നാശം ആ സ്വപ്നത്തിന്റെ അടിത്തറയെത്തന്നെ ഇളക്കിമറിച്ചു. പദ്ധതിയുടെ കാതലായ നതാന്‍സ്, ഫോര്‍ഡോ, അരക് സൗകര്യങ്ങള്‍ വ്യോമാക്രമണങ്ങള്‍, സൈബര്‍ യുദ്ധം, നിയന്ത്രിത സ്ഫോടനങ്ങള്‍ എന്നിവ സംയോജിപ്പിച്ച ഓപ്പറേഷനില്‍ ഇല്ലാതാക്കി.

വന്‍ തകര്‍ച്ചയുണ്ടായിട്ടും ഇറാന്‍ അതൊരു അവസരമാക്കി മാറ്റാനായിരുന്നു ശ്രമിച്ചത്. ബോംബ് എന്ന സ്വപ്നം ഉപേക്ഷിക്കുന്നതിനുപകരം, ഭരണകൂടം ആക്രമണത്തെ മത്സരം തുടരുന്നതിനുള്ള ന്യായീകരണമായി ചിത്രീകരിച്ചു. ‘റിയാക്ടറുകളുടെ നാശം ഇറാന്‍ എന്തുവിലകൊടുത്തും ഒരു ആണവ പ്രതിരോധ ശേഷി നേടണമെന്ന് തെളിയിക്കുന്നു’ എന്നായിരുന്നു ഖമേനിയുടെ പ്രഖ്യാപനം.

യാഥാര്‍ഥ്യം പക്ഷേ ഏറെ അകലെയാണെന്നു മാത്രം. ഇറാന് അതിന്റെ പ്രതിരോധ ശേഷി അപ്പാടെ നഷ്ടമായി. ശാസ്ത്രജ്ഞരുടെ സംഘങ്ങള്‍ ചിതറിപ്പോയി, ചിലര്‍ കൊല്ലപ്പെട്ടു. ചരക്കു നീക്കത്തിനുള്ള ശൃംഖല തകര്‍ന്നു. ഒരിക്കല്‍ അടുത്ത സഖ്യകക്ഷികളായി കണക്കാക്കപ്പെട്ടിരുന്ന റഷ്യയും ചൈനയും പോലും അകലം പാലിക്കുന്നു. ഇറാന്‍ തങ്ങളുടെ ആണവ സ്വപ്നം ഒരു വലിയ ഭാരമായി മാറിയിരിക്കുന്നുവെന്നും അത് സൃഷ്ടിക്കാന്‍ ശ്രമിച്ച ഭീകരതയുടെ സന്തുലിതാവസ്ഥ ആഗോള ഉപരോധങ്ങളാല്‍ മാറ്റിസ്ഥാപിക്കപ്പെട്ടുവെന്നും ഇറാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.

യുദ്ധത്തിനു പിന്നാലെ ആണവ കരാറുകളുടെ ലംഘനം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഉപരോധം ഇറാനെ അടിമുടി തകര്‍ത്തിട്ടുണ്ട്. ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ വീണ്ടും മരവിപ്പിച്ചു. ടെഹ്‌റാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ വികസനത്തിന് സഹായിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.

2015 ല്‍ ആരംഭിച്ച ഉപരോധമാണ് ഇറാനെതിരെ പുനരാരംഭിച്ചത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സ്നാപ് ബാക്ക് പ്രഖ്യാപിച്ചിരിക്കയാണ്. 2015- ലാണ് ഇറാന്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മ്മനി (പി 5+1) എന്നിവരുടെ ഇടയില്‍ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്്ഷന്‍ (ജെസിപിഒഎ)അഥവാ ഇറാന്‍ ആണവകരാര്‍ ഒപ്പുവച്ചത്.

കരാര്‍ പ്രകാരം, ഇറാന്‍ തന്റെ ആണവ പരിപാടിയില്‍ നിയന്ത്രണം വരുത്തിയാല്‍ അവര്‍ക്ക് മേല്‍ ചുമത്തിയ അന്താരാഷ്ട്ര ഉപരോധങ്ങളും എടുത്തുകളയുക എന്ന നിലപാടായിരുന്നു. ഇറാന്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ഏതെങ്കിലും പങ്കാളി രാജ്യം ആരോപിച്ചാല്‍ ഈ കരാര്‍ പൊളിയും എന്നായിരുന്നു നിബന്ധന. ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇറാന്റെ റിയാലും തകര്‍ന്നടിഞ്ഞു. ഇറാന് ആയുധ വ്യാപാരങ്ങളോ യുറേനിയം സമ്പുഷ്ടീകരണമോ നിയമപരമായി സാധ്യമല്ല. ഇറാന്‍ പൗരന്‍മാര്‍ക്കുള്ള യാത്രാ വിലക്ക്, ആസ്തി മരവിപ്പിക്കല്‍, ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതിക്ക് ഉപയോഗിക്കുമെന്നു കരുതുന്ന എല്ലാ വസ്തുക്കളുടെയും വിതരണ നിയന്ത്രണം എന്നിവയെല്ലാം ഉപരോധത്തില്‍ ഉള്‍പ്പെടും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: