ആർ എസ് എസിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ : അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർ എസ് എസ് പറഞ്ഞാൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ല: രക്തസാക്ഷികളാകാൻ ക്രിസ്ത്യാനികൾക്കും മടിയില്ലെന്നും സഭാധ്യക്ഷൻ

കോട്ടയം : കേന്ദ്രസർക്കാരിനും ആർഎസ്എസിനും എതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ പരസ്യമായി രംഗത്തെത്തി. അതിശക്തവും രൂക്ഷവുമായ ഭാഷയിലാണ് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കേന്ദ്രത്തിലെ ബിജെപി സർക്കാരിനും ആർഎസ്എസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർ എസ് എസ് പറയുന്നുണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ലെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കടുത്ത ഭാഷയിൽ ഓർമിപ്പിച്ചിട്ടുണ്ട്.
ആർ എസ് എസിന് അങ്ങനെ വല്ല ചിന്തയുണ്ടെങ്കിൽ അത് നടക്കത്തുമില്ല. ക്രിസ്ത്യാനികൾക്ക് അതിനുവേണ്ടി രക്തസാക്ഷികൾ ആകുന്നതിന് ഒരു മടിയുമില്ല. കാരണം ക്രിസ്തീയ മതം ഉണ്ടായിരിക്കുന്നത് രക്തസാക്ഷിത്വത്തിൽ കൂടിയും പീഡനത്തിൽ കൂടിയുമാണ്. പീഡനങ്ങളുടെ ചെറുത്തുനിൽപ്പ് ഒന്നാം നൂറ്റാണ്ട് മുതൽ തുടങ്ങിയതാണ്മാ.മാർത്തോമാ ശ്ലീഹ ഇന്ത്യയിൽ വന്ന് സുവിശേഷം അറിയിച്ചപ്പോൾ ഇവിടെ ആളുകൾ ഇതെല്ലാം സ്വീകരിച്ചു. ഇവിടെ ആരെയും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനികൾ 2.7 ശതമാനം മാത്രമായി ഇന്ത്യൻ ജനസംഖ്യയിൽ ഉണ്ടാകുമായിരുന്നില്ല – അദ്ദേഹം പറഞ്ഞു.
ആർഎസ്എസിന്റെ പോഷക സംഘടനകളായിരിക്കുന്ന ബജരംഗ്ദളും അതുപോലെ വിഎച്ച്പിയും ഒക്കെ ഈ സമൂഹത്തിലെ ക്രിസ്ത്യാനികളെ, അല്ലെങ്കിൽ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതായ വാസ്തവം മാധ്യമങ്ങളിൽ കണ്ടു. നമുക്കറിയാം കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിയുടെ പുറത്തുള്ളതായ ആഘോഷങ്ങൾ- ക്രിസ്തുമസ് ആഘോഷങ്ങൾ നശിപ്പിച്ച് അകത്ത് കയറാൻ അധികം താമസം ഇല്ല. ഇനി പള്ളിക്ക് അകത്തുള്ള ആരാധനയിൽ ആയിരിക്കാം ഇനിയുള്ളതായ ആക്രമണം ഉണ്ടാകുന്നത്. അത് നമ്മൾ പ്രതീക്ഷിച്ചിരിക്കണം – അദ്ദേഹം മുന്നറിയിപ്പ് നൽകി. കോട്ടയം പനയമ്പാല സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.






