Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, ഞാന്‍ കയറ്റും; ബിനോയ് വിശ്വമല്ല പിണറായി വിജയന്‍’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; വെള്ളാപ്പള്ളിയുടെ ചതിയന്‍ ചന്തു പ്രയോഗത്തിനും മറുപടി

തിരുവനന്തപുരം: കാര്‍ യാത്രാ വിവാദത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയത് ശരിയെന്നും ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. താനാണെങ്കില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു.

ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമോ എന്ന് ചോദ്യത്തിന് അത് താന്‍ പറയേണ്ട കാര്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഞാന്‍ തന്നെ നയിക്കുമോ എന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

Signature-ad

അതേസമയം ‘ചതിയന്‍ ചന്തു’ പ്രയോഗത്തില്‍ വെള്ളാപ്പള്ളി നടേശനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സിപിഐ എല്‍ഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണെന്നും, ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പോറ്റിയും സ്വര്‍ണം വാങ്ങി എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ പ്രതിയും ഒരുമിച്ചാണ് അവിടെ പോയത്. തട്ടിപ്പുകാര്‍ എങ്ങനെയാണ് ഇത്രയും സുരക്ഷാ സംവിധാനമുള്ള സോണിയ ഗാന്ധിയെപ്പോലെ ഒരു നേതാവിനെ കണ്ടത്?

കേസില്‍ അടൂര്‍ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തനിക്ക് പങ്കില്ല എന്ന് അടൂര്‍ പ്രകാശ് പറയുന്നു. പോറ്റി വിളിക്കുന്ന സ്ഥലത്ത് പോകേണ്ട ആളാണോ അടുര്‍ പ്രകാശ് എന്ന് ചോദിച്ച മുഖ്യമന്ത്രി, മറുപടി പറയുന്നതിന് പകരം യുഡിഎഫ് കണ്‍വീനര്‍ കൊഞ്ഞനം കുത്തുകയാണെന്നും വിമര്‍ശിച്ചു.

തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയില്‍ നിന്നാണ് വന്നതെന്ന് അടൂര്‍ പ്രകാശ് നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനുള്ള മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അടൂര്‍ പ്രകാശ് എംപി ഉന്നയിച്ച ആരോപണം മുഖ്യമന്ത്രി തള്ളി.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലാണെന്നും ഒരു ഇടപെടലും നടത്താന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിഎം ഓഫിസിനെ പറഞ്ഞാല്‍ രക്ഷപ്പെടുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് പുനരധിവാസ പദ്ധതിയിലെ വീടുകള്‍ അടുത്തമാസം കൈമാറും. നിലവില്‍ 207 വീടുകളുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ഫെബ്രുവരിയില്‍ ഒന്നാംഘട്ട വീടുകള്‍ കൈമാറും. അഞ്ച് വര്‍ഷം വീടുകളുടെ അറ്റകുറ്റപ്പണി കരാര്‍ കമ്പനി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റേണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ 35 ക്ലസ്റ്ററുകളിലായാണ് ടൗണ്‍ ഷിപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.

ഓരോ ക്ലസ്റ്ററിലും കുട്ടികള്‍ക്ക് കളിക്കുന്നതിനും മുതിര്‍ന്നവര്‍ക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. 11.4 കിലോമീറ്റര്‍ റോഡ് ഭൂഗര്‍ഭ വൈദ്യുതി വിതരണ ശൃംഖലയും, ഒന്‍പതര ലക്ഷം ലിറ്റര്‍ ശേഷിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയുമുണ്ട്. ഇതുകൂടാതെ ഓരോ വീട്ടിലും 1000 ലിറ്റര്‍ കുടിവെള്ള ടാങ്ക് പദ്ധതിയുടെ ഭാഗമായി ഉണ്ട്.

ഫുട്‌ബോള്‍ ഗ്രൗണ്ട്, മാര്‍ക്കറ്റ്, അങ്കണവാടി, കമ്മ്യൂണിറ്റി ഹാള്‍, മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയല്‍, ഓരോ വീട്ടിലും സൗരോര്‍ജ്ജ പ്ലാന്റ് ഇങ്ങനെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൗണ്‍ഷിപ്പില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായെന്നും ബാക്കിയുള്ള വീടുകളുടെ പണി വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: