ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചിരിക്കുകയാണ് ; കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കണം ; സിപിഎമ്മിന് രാഷ്ട്രീയ അങ്കലാപ്പെന്ന് സുരേഷ്ഗോപി

കണ്ണൂര്‍: നടന് എന്ന നിലയിലുള്ള വരുമാനം നിലച്ചെന്നും കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുരേഷ്ഗോപി. ഈ സൗകര്യം മുന്‍ നിര്‍ത്തി തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും പറഞ്ഞു. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചിരിക്കുകയാണെന്നും സിനിമയില്‍ അഭിനയിച്ച് ഒരുപാട് സമ്പാദിക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു.
പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. കണ്ണൂരിലേക്കുള്ള ആദ്യത്തെ വാതില്‍തുറക്കലാണ് സി സദാനന്ദന്റെ രാജ്യസഭാംഗത്വം. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലംവെച്ച് നോക്കുമ്പോള്‍ ഇതൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തൊരു മുഹൂര്‍ത്തമാണ്. എന്നാല്‍ അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണക്കാരനായെന്നും സുരേഷ് ഗോപി പറഞ്ഞു.
സദാനന്ദന്റെ സ്ഥാനാരോഹണത്തെകുറിച്ച് അസൂയകൊണ്ടോ ഇഷ്ടമില്ലായ്മ കൊണ്ടോ അല്ല ‘ജയരാജ് സഹോദരന്മാര്’ പരാമര്‍ശം നടത്തിയത്. അവര്‍ക്ക് അങ്കലാപ്പ് ഉണ്ടായിക്കാണും. കണ്ണൂരിനായി പദ്ധതികള്‍ കൊണ്ടുവരാന്‍ സദാനന്ദന് മുന്‍കൈ എടുക്കുമെന്ന ഭയപ്പാട് അവര്‍ക്കുണ്ട്. ഇതെല്ലാം രാഷ്ട്രീയപരമായ അങ്കലാപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നൈപുണ്യം കേരളത്തിലെത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് നേതൃത്വം സദാനന്ദനെ രാജ്യസഭയിലെത്തിച്ചത്.
അദ്ദേഹത്തിന്റെ ഓഫീസ് വൈകാതെ മന്ത്രിയുടെ ഓഫീസായി മാറണമെന്നാണ് പ്രാര്‍ത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ ഇപ്പോള്‍ എന്തുപറഞ്ഞാലും അത് വളച്ചൊടിക്കും. മിനിഞ്ഞാന്ന് പറഞ്ഞകാര്യം സംബന്ധിച്ച് അടുത്ത കലുങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് ഉണ്ടാകും. ഒന്നിനേയും ഞാന്‍ വെറുതെ വിടില്ല, ഈശ്വരഹിതമായ കാര്യമാണ് താന്‍ ചെയ്യുന്നതും പറയുന്നതും. ഈ പൂച്ചാണ്ടി കാട്ടി തന്നെ പേടിപ്പിക്കേണ്ട.
വേദനയും രോഷവും മറച്ചുപിടിച്ച് ഇളിക്കുന്ന രാഷ്ട്രീയക്കാരനാകാന്‍ എനിക്കാവില്ല. രാഷ്ട്രീയക്കാരനായി ജീവിക്കുക എന്നത് എനിക്ക് അത്യാവശ്യമല്ലെന്നും മനുഷ്യനായിരിക്കുകയാണ് പ്രധാനമെന്നും പറഞ്ഞു.






