രാഹുല്‍ വിഷയത്തില്‍ ‘യു’ടേണോ? പാര്‍ട്ടി നിലപാടിന് മുമ്പ് വനിതാ അംഗങ്ങള്‍ രംഗത്ത് വന്നത് തെറ്റ്; വിമര്‍ശനവുമായി ഹസന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വനിതാനേതാക്കളെ വിമര്‍ശിച്ച് എം.എം ഹസന്‍. പാര്‍ട്ടി നിലപാടെടുക്കുന്നതിന് മുന്‍പ് വനിതാ അംഗങ്ങള്‍ രംഗത്ത് വന്നത് തെറ്റാണ്.പാര്‍ട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്. അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ഒരാളെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.എം ഹസന്‍ പറഞ്ഞു.
‘നിയമസഭയില്‍ പങ്കെടുക്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന്റെ അവകാശം.രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വന്തം എം എല്‍ എ മാരും മന്ത്രിമാരും ആരോപണ വിധേയരായവര്‍ തുടരുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്.
സ്വന്തം മുന്നണിയിലുള്ളവരെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്ന മുഖ്യമന്തിയാണ് രാജി ആവശ്യപ്പെടുന്നത്. എന്ത് യുക്തിയുടെ പേരിലാണ് രാജി വയ്ക്കണമെന്ന് പറയുന്നത്? രാഹുലിനെതിരെ ഒരാളും പരാതി കൊടുത്തിട്ടില്ലെന്നും അന്വേഷണത്തില്‍ ആര്‍ക്കും കുഴപ്പമില്ലെന്നും’ ഹസന്‍ പറഞ്ഞു. പരാതിയുള്ളവര്‍ക്ക് പൂര്‍ണ പ്രൊട്ടക്ഷന്‍ നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാതിക്കാരുണ്ടോ എന്ന് ചോദിച്ച് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിനെ തടയാന്‍ തുനിഞ്ഞാല്‍ കോണ്‍ഗ്രസ് കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും എം.എം ഹസന്‍ പറഞ്ഞു. ‘നിങ്ങളുടെ സ്ത്രീപീഡകരായ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും റോഡിലിറങ്ങി നടക്കാമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ വ്യാമോഹിക്കേണ്ട. യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും വെറുതെ കയ്യുംകെട്ടി നോക്കി നില്‍ക്കില്ല’. എം.എം ഹസന്‍ പറഞ്ഞു.






