Breaking NewsKeralaLead NewsNEWS

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍; പ്രാര്‍ഥനയോടെ സഹപ്രവര്‍ത്തകര്‍

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഞായറാഴ്ച്ച രാത്രി ഹോട്ടലില്‍ നടന്ന പരിപാടിക്കു ശേഷം തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്. രാജേഷിനു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ഥന കൂടി ആണെന്ന് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനും പ്രതാപ് ജയലക്ഷ്മി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

Signature-ad

”നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്.. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ട് വന്നു. പക്ഷേ വീണപ്പോള്‍ തന്നെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു.

അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍ ) തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് . ജീവിതത്തിലേക്ക് അവനു തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും.. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാര്‍ഥനയും സ്‌നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല… അവന്‍ തിരിച്ചു വരും.. വന്നേ പറ്റൂ..”പ്രതാപ് ജയലക്ഷ്മിയുടെ വാക്കുകള്‍.

Back to top button
error: