Breaking NewsFoodLead NewsLIFE

സൗജന ഓണക്കിറ്റുകള്‍ ഇന്നുമുതല്‍; ഉപ്പുതൊട്ട് വെളിച്ചെണ്ണവരെ 14 ഇനം അവശ്യ വസ്തുക്കള്‍; തിരക്ക് ഒഴിവാക്കാന്‍ വിതരണ തീയതി നീട്ടും; സപ്ലൈകോയില്‍ 25 രൂപ നിരക്കില്‍ 20 കിലോ അരി

തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് പദ്ധതി പ്രകാരം 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഓണത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ എ എ വൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയര്‍ പരിപ്പ്, വന്‍ പയര്‍, കശുവണ്ടി, മില്‍മ നെയ്യ്, ഗോള്‍ഡ് ടീ, പായസം മിക്‌സ്, സാമ്പാര്‍ പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കള്‍ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. റേഷന്‍ കടകളില്‍ നിന്ന് സൗജന്യ ഓണക്കിറ്റുകള്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ടാം തീയതിയോടെ വിതരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും തിരക്ക് ഒഴിവാക്കാന്‍ മൂന്നും നാലും തീയതികളിലും കിറ്റുകള്‍ ലഭ്യമാക്കും.

Signature-ad

ഓണത്തോടനുബന്ധിച്ച് വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും നീലക്കാര്‍ഡ് ഉടമകള്‍ക്ക് നിലവിലുള്ള വിഹിതത്തിന് പുറമെ 10 കിലോ അരിയും സ്‌പെഷ്യല്‍ ആയി നല്‍കുന്നുണ്ട്. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ 25 രൂപ നിരക്കില്‍ 20 കിലോ അരി അധികമായി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അങ്ങനെ ഒരു വെള്ളക്കാര്‍ഡ് ഉടമയ്ക്ക് പരമാവധി 43 കിലോ അരി വരെ ലഭ്യമാകും.

ഇന്നലെ സംസ്ഥാനതലത്തില്‍ സപ്ലൈക്കോയുടെ ഓണ ചന്തകള്‍ ആരംഭിച്ചു. ആ ചന്തകള്‍ ഇന്നലെ നല്ല തിരക്കാണ് കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ മാസത്തെ 168 കോടി രൂപയുടെ വില്‍പ്പനയില്‍ 60 കോടിയിലധികം സബ്സിഡി സാധനങ്ങളാണ് വിറ്റഴിഞ്ഞത്. അതുകൊണ്ട് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കേന്ദ്രമായി സപ്ലൈകോ മാറുന്നു. അത് ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ അംഗീകാരമാണ്. കഴിഞ്ഞ മാസം മാത്രം 82 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ കടകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയപ്പോള്‍, ഈ മാസം ഇന്നലെ ഉച്ചവരെ 64 ലക്ഷം കുടുംബങ്ങള്‍ സാധനങ്ങള്‍ വാങ്ങിയെന്ന് മന്ത്രി അറിയിച്ചു.

കൊവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധികാലങ്ങളില്‍ സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ധീരമായ നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. ആ കാലയളവില്‍13 ഘട്ടങ്ങളിലായി 11.5 കോടി ഓണക്കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിനാല്‍ 2021 മുതല്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് മാത്രമായി പദ്ധതി തുടരുന്നു.

തിരുവനന്തപുരം ജില്ലയില്‍ തന്നെയുള്ള പൊടിയക്കാലയില്‍ നിന്ന് കോട്ടൂരിലേക്ക് എത്താന്‍ ഏകദേശം 12 മുതല്‍ 13 കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ടി വരും. 13 കിലോമീറ്റര്‍ സഞ്ചരിച്ച് വന്ന് 35 കിലോ ഭക്ഷ്യധാന്യം വാങ്ങണമെങ്കില്‍, അതിന്റെ ചിലവ് ഒരു ആദിവാസി കുടുംബത്തിന് വഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ തന്നെ ഇടപെട്ട് അവിടത്തെ പ്രശ്നം പരിഹരിച്ചത്. ഞാന്‍ തന്നെ അവിടെ പോയി ഉദ്ഘാടനം നിര്‍വഹിച്ചു. ഈ സര്‍ക്കാരാണ് 137 ഊരുകളില്‍ റേഷന്‍ കടകള്‍ ആരംഭിച്ച്, സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്ന സംവിധാനം ഒരുക്കിയത്.

കൂടാതെ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തിച്ചുള്ള ധാന്യവിതരണം, ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ പദ്ധതികള്‍ സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കുന്നുണ്ട്. പൊതുവിപണിയിലെ വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വെളിച്ചെണ്ണയുടെ വില കുറച്ചു. കേരഫെഡിന്റെ വെളിച്ചെണ്ണ കിലോയ്ക്ക് 445 രൂപയില്‍ നിന്ന് 429 രൂപയായും മറ്റ് വെളിച്ചെണ്ണ 349 രൂപയില്‍ നിന്ന് 339 രൂപയായും കുറഞ്ഞു. ഓണക്കാലത്ത് മുളകിന്റെ വിഹിതം 500 ഗ്രാമില്‍ നിന്ന് ഒരു കിലോയാക്കി വര്‍ധിപ്പിക്കുകയും, ഓഗസ്റ്റ് മാസത്തെ വിഹിതം വാങ്ങാത്തവര്‍ക്ക് ഓഗസ്റ്റ്-സെപ്റ്റംബര്‍ വിഹിതം ചേര്‍ത്ത് 2 കിലോ വാങ്ങാന്‍ സൗകര്യം ഒരുക്കുകയും ചെയ്തു.

ഓണത്തിന് മുന്നോടിയായി കുടിശ്ശികയും നിലവിലുള്ളതുമായ രണ്ട് ഗഡു പെന്‍ഷന്‍ 62 ലക്ഷം പേര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മറ്റ് സംസ്ഥാന തൊഴിലാളികള്‍ക്കും ഇവിടെ നിന്നുള്ള റേഷന്‍ ലഭ്യമാക്കാന്‍ സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഹിമ കെ, സപ്ലൈകോ തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ സ്മിത എസ്.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: