
മിക്കരാജ്യങ്ങളിലും തെരുവുകളില്‍ ഭക്ഷണം തേടി അലയുന്ന പല തരത്തിലുള്ള മൃഗങ്ങളെ കാണാം. ചിലപ്പോഴത് പശുവാകാം, നായയാകാം, കുതിരയാകാം.. ലിസ്റ്റ് ഇങ്ങനെ നീളും. പല രാജ്യങ്ങളും ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ ക്ഷേമവും സംരക്ഷിക്കാന്‍ പെടാപാട് പെടാറാണ് പതിവ്. വന്ധ്യംകരണം കൃത്യമായി നടത്താന്‍ കഴിയാത്തതും മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലുള്ള പലതരം വെല്ലുവിളികളുമാണ് അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ പ്രധാന കാരണം. എന്നാല്‍ ഈ കൂട്ടത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഈ രാജ്യം. ഇവിടുത്തെ തെരുവുകളില്‍ അലഞ്ഞു തിരിയുന്ന ഒരു നായയെ പോലും കാണാന്‍ കഴിയില്ല.. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന രാഷ്ട്രമാണ് നെതര്‍ലെന്‍ഡ്സ്.
വര്‍ഷങ്ങളെടുത്തുള്ള കൃത്യവും വ്യക്തവുമായ പദ്ധതിയിലൂടെയാണ് നെതര്‍ലെന്‍ഡ്സ് ഈ നേട്ടം കൈവരിച്ചത്. കര്‍ശനമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു, ഒപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കൂടിയായപ്പോള്‍ പദ്ധതി ലക്ഷ്യം കണ്ടു. ഇവരുടെ നേട്ടം മറ്റുള്ളവര്‍ക്ക് ഉത്തമമായ മാതൃകയാണ്. ഇവര്‍ സ്വീകരിച്ച മാര്‍ഗങ്ങളും അത് നടപ്പിലാക്കിയ രീതിയുമെല്ലാം ഇന്നും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നുണ്ടെങ്കിലും മറ്റാരും മാതൃകയാക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ് പ്രശ്നം വഷളാക്കുന്നത്.
ശക്തമായ മൃഗസംരക്ഷണ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയാണ് നെതര്‍ലെന്‍ഡ്സ് ആദ്യം ചെയ്തത്. 1990ലായിരുന്നു ഇത്. ഇത് വിജയമായി തുടങ്ങിയത് 2019ലാണ്. വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുക, ഉപേക്ഷിക്കുക ഇതെല്ലാം വമ്പന്‍ പിഴകളീടാക്കുന്ന ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങളാണ്. സര്‍ക്കാരിന്റെ സഹായത്തോടെ സൗജന്യമായി ഇവയുടെ വന്ധ്യംകരണം നടത്താമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ ഇവയുടെ എണ്ണം വര്‍ധിക്കുന്നത് കുറഞ്ഞു. വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്ന രീതി മാറ്റി ദത്തെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ഏകോപിപ്പിച്ചു. അതിനായി ദേശീയ തലത്തിലാണ് ക്യാമ്പയിനുകള്‍ നടത്തുന്നത്. പ്രാദേശിക കമ്മ്യൂണിറ്റികളുമായി ചേര്‍ന്ന് തെരുവിലാക്കപ്പെടുന്ന നായകള്‍ക്ക് അടക്കം അവര്‍ ഷെല്‍റ്ററുകള്‍ ഉണ്ടാക്കി.
പൊതുജനത്തിന്റെ സഹകരണത്തിലൂടെ മികച്ച മൃഗക്ഷേമ നിയമങ്ങളിലൂടെ കൃത്യമായി കൈകാര്യം ചെയ്ത് മേല്‍നോട്ടത്തില്‍ കര്‍ക്കശനിലപാട് സ്വീകരിച്ചാണ് നെതര്‍ലെന്‍ഡ്സ് മുന്നോട്ട് പോകുന്നത്. ഇതോടെ തെരുവു നായ്ക്കള്‍ അലഞ്ഞു തിരിയുന്ന ഇടമല്ലാതായി മാറി നെതര്‍ലെന്‍ഡിലെ തെരുവുകള്‍. ഇനി വളര്‍ത്തുനായ്ക്കളുടെ ഉടമസ്ഥര്‍ ഇത് കൃത്യമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. നിരന്തരം പരിശോധനകളും വാക്സിനേഷനും ഉറപ്പാക്കിയിരിക്കണം. സ്‌കൂളുകളിലും ക്യാമ്പയ്നുകളിലും നല്‍കുന്ന ബോധവത്കരണമാണ് മറ്റൊന്ന്. കുട്ടികളെയും കുടുംബങ്ങളെയും മൃഗങ്ങളെ എങ്ങനെ പരിപാലിക്കണമെന്നതിന് പരിശീലിപ്പിക്കും. ഇതോടെ ഉത്തരവാദിത്തവും കാരുണ്യവും എന്താണെന്ന് അറിയുന്ന സംസ്‌കാരത്തിലാണ് പുതുതലമുറ വളര്‍ന്നുവരുന്നത്.
കാര്യങ്ങളില്‍ കൃത്യമായ അറിവില്ലാത്തതും മതിയായ നിയമങ്ങളില്ലാത്തതും വന്ധ്യംകരണം കൃത്യമായി നടക്കാത്തുമൊക്കെയാണ് മറ്റ് രാജ്യങ്ങളില്‍ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ഗുരുതരപ്രശ്നങ്ങളുണ്ടാവാനും കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.






