ആശുപത്രിയില്‍ യുവാക്കളുടെ അതിക്രമം: സുരക്ഷാ ജീവനക്കാരന് മര്‍ദനം; 3 പേര്‍ അറസ്റ്റില്‍

തൃശൂര്‍: ബാറിനു മുന്‍പിലുണ്ടായ അടിപിടിയില്‍ പരുക്കേറ്റ് ചികിത്സയ്ക്ക് എത്തി ജനറല്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയും ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും ജോലി തടസ്സപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ ഊരകം സ്വദേശികളായ നെല്ലിശ്ശേരി റിറ്റ് ജോബ് (26), സഹോദരന്‍ ജിറ്റ് ജോബ് (27), ചേര്‍പ്പുംകുന്ന് മഠത്തിപറമ്പില്‍ രാഹുല്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അടിപിടിയില്‍ പരുക്കേറ്റ ജിറ്റിനെയും റിറ്റിനെയും രാഹുലിനെയും ആണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ ജിറ്റിന് തലയ്ക്ക് പരുക്ക് ഉള്ളതായി കണ്ടതിനെ തുടര്‍ന്ന് സിടി സ്‌കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ ഇതിനുള്ള സൗകര്യം ഇല്ലെന്നത് ചോദ്യം ചെയ്ത യുവാക്കള്‍ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മര്‍ദനത്തില്‍ പരുക്കേറ്റ ജിറ്റിനെയും രാഹുലിനെയും പൊലീസ് പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഞായര്‍ രാത്രി 9.30ന് ചെറാക്കുളം ബാറിനു മുന്‍പില്‍ നടന്ന സംഘര്‍ഷത്തില്‍ പതിനാലോളം പേര്‍ ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പിച്ചതായി കാണിച്ച് പ്രതികളില്‍ ഒരാളായ രാഹുല്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്






