Breaking NewsIndiaLead NewsNEWS

മുളന്തുരുത്തിക്ക് പിന്നാലെ പുണെയിലും ദുരന്തം; വ്യായാമത്തിനു പിന്നാലെ വെള്ളം കുടിച്ചു, യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണ് മരിച്ചു

മുംബൈ: ജിമ്മില്‍ വ്യായാമത്തിനു ശേഷം വെള്ളം കുടിച്ചതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. 37 വയസ്സുകാരനായ മിലിന്ദ് കുല്‍ക്കര്‍ണിയാണ് മരിച്ചത്. പുണെയിലെ പിംപ്രി-ചിഞ്ച്വാഡിലുള്ള ഒരു ജിമ്മില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിമ്മില്‍ വ്യായാമത്തിനു ശേഷം മിലിന്ദ് കുപ്പിയില്‍നിന്നു വെള്ളം കുടിക്കുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ജിമ്മിലുണ്ടായിരുന്ന മറ്റ് ആളുകള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മിലിന്ദിന് 60 മുതല്‍ 70 ശതമാനം വരെ ബ്ലോക്കുകള്‍ ഉണ്ടായിരുന്നെന്നും ഇതു കണ്ടെത്താനാകാതെ പോയതാകാമെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ വൈസിഎംഎച്ച് ആശുപത്രിയിലെ ഡീന്‍ ഡോ.രാജേന്ദ്ര വേബിള്‍ പറഞ്ഞു. കഴിഞ്ഞ ആറു മാസമായി മിലിന്ദ് കുല്‍ക്കര്‍ണി ജിമ്മില്‍ പോകുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്.

Signature-ad

കഴിഞ്ഞദിവസം കേരളത്തിലും ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചിരുന്നു. എറണാകുളം പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മിലായിരുന്നു സംഭവം. 20 മിനിറ്റോളം തറയില്‍ കിടന്ന രാജിനെ പിന്നീട് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടന്‍ സിപിആര്‍ നല്‍കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Back to top button
error: