മാഹിയില്‍ ജോലിക്കു നിന്ന വീട്ടില്‍നിന്ന് 25 പവന്‍ ചൂണ്ടി; കൊല്ലംകാരി ഹോംനഴ്‌സും ഭര്‍ത്താവും പിടിയില്‍, അനിയന്‍ നേരത്തേ അറസ്റ്റില്‍

മാഹി: പന്തക്കലിലെ വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന പ്രതികളായ ഹോം നഴ്‌സിനെയും ഭര്‍ത്താവിനെയും മാഹി പോലീസ് അറസ്റ്റ് ചെയ്തു. ആറളത്തെ പി. ദിലീപ് എന്ന ചേട്ടന്‍ ബാവ, ഭാര്യയും ഹോം നഴ്‌സുമായ കൊല്ലം സ്വദേശിനി ഷൈനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറളത്തെ വെളിമാനം കോളനിയില്‍ പനച്ചിക്കല്‍ ഹൗസിലെ പി. ദിനേഷ് എന്ന അനിയന്‍ ബാവയെ 28-ന് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന്റെ സഹോദരനാണ് ദിനേഷ്. ഇയാളില്‍നിന്ന് മോഷ്ടിച്ച 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. 10 പവന്‍ കൂടി കണ്ടത്തേണ്ടതുണ്ട്.
മാഹി പന്തക്കല്‍ ഊരോത്തുമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സപ്രമേയ വാടകവീട്ടില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി രമ്യാ രവീന്ദ്രന്റെ (39) പരാതിയിലാണ് 26-ന് പോലീസ് കേസെടുത്തത്. ഷൈനി, രമ്യയുടെ വീട്ടില്‍ ജോലിക്ക് നിന്ന സമയത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. 25-ന് രാത്രി വീട്ടില്‍ ആരുമില്ലാത്തപ്പോഴാണ് മോഷണം. പ്രത്യേക സംഘം തിരച്ചില്‍ നടത്തുന്നതിനിടെ ഇവരുടെ മൊബൈല്‍ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
29-ന് പുലര്‍ച്ചെ കൊല്ലം ജില്ലയിലെ മീനമ്പലത്തുനിന്നാണ് ഷൈനിയെയും ദിലീപിനെയും അറസ്റ്റ് ചെയ്തത്. ഇവര്‍കുറ്റം സമ്മതിച്ചു. നാല് മൊബൈല്‍ഫോണുകള്‍, മൂന്ന് സ്മാര്‍ട്ട് വാച്ചുകള്‍, 41 സൗദി റിയാല്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവയും പിടിച്ചെടുത്തു. ദിലീപിന്റെ പേരില്‍ ആറളം പോലീസ് സ്റ്റേഷനില്‍ ഒന്‍പത് ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മാഹി ജെഎം കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.






