വന്‍ ആകാശ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി; ജിദ്ദ-കോഴിക്കോട് വിമാനത്തിന് ആകാശത്ത് വെച്ച് തകരാര്‍; അടിയന്തിര ലാന്‍ഡിംഗ് നെടുമ്പാശേരിയില്‍; രണ്ടു ടയറുകള്‍ പൊട്ടി; 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍

കൊച്ചി: വന്‍ ആകാശ ദുരന്തം തലനാരിഴയ്ക്ക് വഴിമാറി. 160 യാത്രക്കാരും ജീവനക്കാരുമായി ജിദ്ദയില്‍ നിന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനാണ് യാത്രാമധ്യേ ആകാശത്തുവെച്ച് തകരാറുണ്ടായത്.

ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ലാന്‍ഡു ചെയ്യാന്‍ പൈലറ്റ് അനുവാദം തേടുകയും തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡു ചെയ്ത വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റൊരു വലിയ ആകാശ ദുരന്തം ഒഴിവായത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

ഇന്നു രാവിലെ 9.05-നാണ് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. അടിയന്തിര ലാന്‍ഡിംഗിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റിന്റെ സന്ദേശം ലഭിച്ചയുടന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതമുണ്ടായാല്‍ അത് നേരിടാനും പ്രതിരോധിക്കാനുമുള്ള സജ്ജീകരണങ്ങളും സജ്ജമാക്കിയിരുന്നു.






