Breaking NewsCrimeIndiaLead NewsNEWSNewsthen SpecialpoliticsWorld

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങുന്നു; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി; അമിക്കസ്‌ക്യൂറിയുടെ നിര്‍ദേശം പരിഗണിച്ചു നടപടിയെടുക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം; ‘ഇംഗ്ലണ്ട് മാതൃകയില്‍ നടപടി പരിശോധിക്കണം’

ന്യൂഡല്‍ഹി: കേരളത്തിലടക്കം വര്‍ധിക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരേ സ്വമേധയാ നടപടിയെടുത്ത് സുപ്രീം കോടതി. പൊലിസിന്റെയും ഇ.ഡിയുടെയും ജഡ്ജിയുടെയുമെല്ലാം വേഷത്തിലെത്തുന്ന തട്ടിപ്പുകാര്‍ സാധാരണക്കാരെ മാത്രമല്ല യഥാര്‍ഥ ജഡ്ജിമാരെയും മറ്റ് ഉന്നതോദ്യോഗസ്ഥരെയും വരെ തട്ടിപ്പിനിരയാക്കുന്നു. വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരത്തിനായും ഇടപെടുകയാണ് സുപ്രീം കോടതി.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന കാര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കുന്നതില്‍ അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. സൈബര്‍ കുറ്റവാളികള്‍ രാജ്യത്തുനിന്ന് ഭീമമായ തുക തട്ടിയെടുക്കുന്നതില്‍ ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു.

Signature-ad

വിഷയത്തില്‍ സിബിഐയുടെ കണ്ടെത്തലുകളും അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ പരിഗണിച്ച് തുടര്‍നടപടികളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യാന്‍ മന്ത്രാലയ തലയോഗം ഉടന്‍ ചേരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ഉറപ്പാക്കാന്‍ യുകെയിലെ മാതൃകയില്‍ പദ്ധതി നടപ്പാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ പ്രധാന നിര്‍ദേശം. തട്ടിപ്പിനിരയായവര്‍ക്ക് ബാങ്കിങ് ചാനലുകള്‍ മുഖേന നിര്‍ബന്ധിത റീഇംബേഴ്സ്മെന്റ് ഉറപ്പാക്കുന്നതാണ് യുകെയിലെ രീതി. അക്കൗണ്ടുകളില്‍ തട്ടിപ്പ് ഇടപാടുകള്‍ നടക്കുമ്പോള്‍ ബാങ്കുകള്‍ക്ക് അറിയിപ്പ് നല്‍കുന്ന ഓട്ടോമാറ്റിക് സംവിധാനം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്താനും മരവിപ്പിക്കാനും എന്തുകൊണ്ട് നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നില്ല എന്ന് സുപ്രീം കോടതി നേരത്തെ റിസര്‍വ് ബാങ്കിനോട് ആരാഞ്ഞിരുന്നു. മ്യൂള്‍ അക്കൗണ്ടുകള്‍ തിരിച്ചറിയാനും സൈബര്‍ തട്ടിപ്പ് കേസുകളില്‍ ഉപയോഗിക്കുന്നവ മരവിപ്പിക്കാനും മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ചും കോടതി അന്ന് പ്രതികരണം തേടി. നിയമവിരുദ്ധമായി പണം സ്വീകരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടാണ് മ്യൂള്‍ അക്കൗണ്ട്, ഇവയിലെത്തുന്ന പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പ്രയാസമാണ്.

ഹരിയാനയിലെ വൃദ്ധ ദമ്പതികള്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായെന്ന പരാതിയിലാണ് സുപ്രീം കോടതി സ്വമേധയാ ഹര്‍ജി സ്വീകരിച്ച് രാജ്യ വ്യാപക സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എല്ലാ സംസ്ഥാനങ്ങളോടും അവരുടെ അധികാരപരിധിയിലുള്ള ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസുകള്‍ അന്വേഷിക്കുന്നതിന് സിബിഐക്ക് അനുമതി നല്‍കാനും നിര്‍ദേശിച്ചിരുന്നു. രാജ്യാന്തര സൈബര്‍ കുറ്റവാളികളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനും ബെഞ്ച് സിബിഐയോട് നിര്‍ദ്ദേശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: