താഴേക്ക് പോകാതിരിക്കാന്‍ താഴെത്തട്ടിലേക്ക് പോകാന്‍ സിപിഎം; നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പുത്തന്‍ തന്ത്രങ്ങള്‍; തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി ആവിഷ്‌കരിച്ച പ്രചരണരീതി സിപിഎമ്മും പരീക്ഷിക്കും; ജനപക്ഷമാകാന്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പദ്ധതികളുമായി സിപിഎം

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ പ്രചരണരീതിയുടെ ചുവടുപിടിച്ച് താഴേത്തട്ടിലേക്ക് പ്രവര്‍ത്തനപ്രചരണം വ്യാപിപ്പിക്കാന്‍ സിപിഎം.
തദ്ദേശഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ പരിഹരിക്കാന്‍ എന്തുചെയ്യണമെന്ന ആലോചനയില്‍ നിന്നാണ് ഇനിയും താഴേക്ക് പോകാതിരിക്കാന്‍ ഇനി താഴേത്തട്ടിലേക്ക് പോകാമെന്ന നിര്‍ദ്ദേശം പൊതുവെ ഉയര്‍ന്നത്.
ബിജെപി ഇത്തവണ നടത്തിയ വീടുവീടാന്തരം കയറിയിറങ്ങിയും തങ്ങളോട് അകലം പാലിക്കുന്നവരെപോലും കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനഞ്ഞും നടത്തിയ പ്രചരണമാര്‍ഗങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതേ തന്ത്രം സിപിഎം പ്രയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം കിട്ടുമെന്നാണ് പൊതുവെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അഭിപ്രായം.
താഴേത്തട്ടിലുള്ള ഗ്രിപ്പ് സിപിഎമ്മിന് വിട്ടുപോയതാണ് പലയിടത്തേയും തിരിച്ചടികള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനോ പരിഹരിക്കാനോ സിപിഎമ്മിന് സാധിക്കാതെ പോയതിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും വിലയിരുത്തുന്നു.
പല കാരണങ്ങള്‍ കൊണ്ടും സിപിഎമ്മിന് നഷ്ടമായ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എന്തു മാര്‍ഗം വേണമെങ്കിലും സ്വീകരിക്കാമെന്നാണ് പ്രാദേശിക തലത്തിലേക്ക് മുകളില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സ്വര്‍ണക്കൊളള കേസ് അടക്കം സൃഷ്ടിച്ച നെഗറ്റീവ് ഇമേജ് മാറ്റിയെടുക്കുന്നതിന് ഇപ്പോള്‍ത്തന്നെ ശ്രമങ്ങള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
തൊഴിലുറപ്പു പദ്ധതി വിവാദം പരമാവധി ആൡക്കത്തിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രം നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്ന പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ വന്‍ പ്രക്ഷോഭത്തിനാണ് സിപിഎം കരുക്കള്‍ നീക്കുന്നത്. സംസ്ഥാന വ്യാപകമായി തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി സമരം ചെയ്യാനാണ് സിപിഎം നിശ്ചയിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ദേശീയതലത്തില്‍ തന്നെ സിപിഎം നടത്തുന്ന പ്രക്ഷോഭം കേരളത്തില്‍ ശക്തമായി ഏറ്റെടുക്കാനാണ് തീരുമാനം. ഈ വരുന്ന 20ന് പഞ്ചായത്ത് തലത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി പ്രതിഷേധ സമരപരിപാടി സംഘടിപ്പിക്കാനാണ് ആലോചന. ഡിസംബര്‍ 22ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും ആലോചനയുണ്ട്. മത-സാമൂഹിക-സാംസ്‌കാരിക സംഘടനകളെ കൂടി അണിനിരത്തുന്ന നിലയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം.
തൊഴിലുറപ്പ് പദ്ധതി അവകാശമാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാവും സിപിഎം തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി സമരത്തിനിറങ്ങുക. 22 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളെ ബാധിക്കുന്ന വിഷയം എന്ന നിലയില്‍ കേന്ദ്രത്തിന്റെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് സിപിഎം സമരപരിപാടി ആആവിഷ്‌കരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ലോക്ഭവനിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്.

ആശ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ നിന്നുണ്ടായ തിരിച്ചടി തൊഴിലുറപ്പുകാരുടെ വിഷയം ഏറ്റെടുത്ത് മാച്ചുകളയാനാണ് സിപിഎം കരുക്കള്‍ നീക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കാന്‍ സാധാരണക്കാരെ കൂടെ നിര്‍ത്തണമെന്ന തിരിച്ചറിവില്‍ നിന്നാണ് ഇപ്പോള്‍ അവരിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്.
തെറ്റുകള്‍ തിരുത്തണമെന്ന് ഓരോ തെരഞ്ഞെടുപ്പ് അവലോകനവും കഴിയുമ്പോളും പറയുകയും തീരുമാനിക്കുകയും ചെയ്യാറുണ്ടെങ്കിലും അത് ഫലപ്രദമാകാറില്ലെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ആ നില തുടര്‍ന്നാല്‍ തുടര്‍ഭരണം സ്വപ്്‌നം പോലും കാണേണ്ട എന്നും നേതാക്കളില്‍ ചിലര്‍ തന്നെ ചൂണ്ടിക്കാട്ടിയതായാണ് സൂചന.
സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ വേരുകളില്ലാത്തത് അടിത്തട്ടിലാണെന്ന ബോധം ഏവര്‍ക്കും വേണമെന്നും അടിത്തട്ടില്‍ പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും തെരഞ്ഞെടുപ്പ് ഫലഅവലോകനത്തില്‍ പരക്കെ അഭിപ്രായം വന്നു. നേതാക്കള്‍ താഴെതട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം. ജില്ലാ നേതാക്കള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടമായ വാര്‍ഡുകളില്‍ കൂടുതല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിക്കോളാനാണ് എല്ലാ പ്രാദേശിക ഘടകങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇടതുപക്ഷം ഇന്നാടിന് അനിവാര്യം എന്ന കാമ്പയിന്‍ വ്യാപകമായി ഇപ്പോഴേ നടപ്പാക്കാനാണ് മുകളില്‍ നിന്ന് പറഞ്ഞിരിക്കുന്നത്.
പല ഗ്രൂപ്പുകളായി ഒരു ഡിവിഷനെ അല്ലെങ്കില്‍ വാര്‍ഡിനെ വിഭജിച്ച് ഓരോരുത്തര്‍ക്ക് ചുമതല നല്‍കുക. അവര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡുകള്‍ ആ പ്രദേശത്തെ വീടുകളില്‍ നേരിട്ട് ചെല്ലുക, വോട്ടര്‍പട്ടിക പരിശോധിച്ച് ഉറപ്പുവരുത്തുക, വോട്ടര്‍മാര്‍ പറയുന്ന പ്രശ്‌നങ്ങള്‍ കേട്ട് രേഖപ്പെടുത്തുക, സിപിഎമ്മിനെയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നവരോട് തെറ്റുകള്‍ തിരുത്തുമെന്ന് ഉറപ്പുകൊടുക്കുക, ഇടതിന് എതിരുനില്‍ക്കുന്നവരെയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ മുഷിവുള്ളവരേയും നിരന്തരം സന്ദര്‍ശിച്ച് കൂടെ നിര്‍ത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക, തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് ചെയ്തുകൊടുക്കേണ്ട കാര്യങ്ങള്‍ ജനപ്രതിനിധിയല്ലെങ്കില്‍ പോലും ഇടപെട്ട് ചെയ്തുകൊടുക്കാന്‍ ശ്രമിക്കുക, ഓരോ വീട്ടില്‍ നിന്നുമുള്ള വോട്ട് മുന്‍കാലങ്ങളില്‍ ഉറപ്പാക്കിയിരുന്ന പോലെ ഉറപ്പിക്കുക, നാട്ടിലെ പരിപാടികളിലും കല്യാണം പോലുള്ള ചടങ്ങുകളിലും പ്രാദേശിക നേതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കുക, വിളിച്ചില്ലെങ്കിലും സാന്നിധ്യമറിയിക്കുക, ഏതു പാതിരാത്രി സഹായത്തിനു വിളിച്ചാലും മടികൂടാതെ നിമിഷനേരം കൊണ്ട് ഓടിയെത്തുന്ന രീതികള്‍ സജീവമാക്കുക തുടങ്ങി താഴേത്തട്ടില്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാനാണ് നിര്‍ദ്ദേശം. എല്ലാ ആഴ്ചയിലും ബ്രാഞ്ച്, ലോക്കല്‍, ഏരിയ തലങ്ങളില്‍ നിന്ന് താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് മുകളിലേക്ക് നല്‍കാനും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.






