
കമ്യൂണിസ്റ്റ് മനോനിലയുള്ളവര്‍ക്കുമാത്രമേ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ സാധിക്കൂവെന്ന് നടന് ഹക്കീം ഷാ. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും പ്രത്യക്ഷമായോ പരോക്ഷമായോ ജാതി വ്യവസ്ഥ നിലനില്‍ക്കണം എന്ന താത്പര്യപ്പെടുന്നവരാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹക്കീം ഷാ.
സെന്‍സര്‍ഷിപ്പ് സിനിമാ നിര്‍മാതാക്കളുടെ കലാപരമായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. മറുപടി പറയവെ താന്‍ അഭിനയിച്ച തമിഴ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകളെക്കുറിച്ച് ഹക്കീം ഷാ വിശദീകരിച്ചു. ഇതിനിടെയാണ് ജാതിയും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട തന്റെ നിലപാട് ഹക്കീം വ്യക്തമാക്കിയത്.
രണ്ടുവര്‍ഷം മുമ്പേ തമിഴില്‍ മാനുഷി എന്നൊരു പടംചെയ്തു. വെട്രിമാരന് ആണ് അത് നിര്‍മിച്ചത്. ഗോപി നൈനാര്‍ ആയിരുന്നു സംവിധാനം. കമ്യൂണിസത്തോട് ബന്ധമുള്ള ശക്തമായ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ജാതി വേര്‍തിരിവിന്റെ ആവശ്യകതയാണ് എന്റെ കഥാപാത്രം പറയുന്നത്. ഭരിക്കുന്നവരെ പ്രതിനിധീകരിക്കുന്നതാണ് എന്റെ വേഷം. ഞാന്‍ പൊലീസ് ഓഫീസറാണ്, ചോദ്യംചെയ്യുന്ന മുറിയിലാണ്. ആന്‍ഡ്രിയയുടെ കഥാപാത്രമാണ് എതിരെ നില്‍ക്കുന്നത്. പുള്ളിക്കാരി കമ്യൂണിസത്തിന്റെ രീതിയിലാണ് സംസാരിക്കുന്നത്. കമ്യൂണിസ്റ്റ് മനോനില ഉള്ളവര്ക്കുമാത്രേ ഇത് പൊളിക്കാന്‍ പറ്റൂ എന്നാണ് പറയുന്നത്. ആ ഐഡിയോളജി മാത്രമേ ഇതു പൊളിക്കുന്നുള്ളു.
കോണ്‍ഗ്രസ് ആണെങ്കിലും ബാക്കിയുള്ള ഏതെങ്കിലും പാര്‍ട്ടിയാണെങ്കിലും- ഞാന്‍ പാര്‍ട്ടിയുടെ പേരെടുത്ത് പറയുകയല്ല- ഇവര്‍ പ്രത്യക്ഷത്തില്‍ അല്ലെങ്കില്‍ പരോക്ഷമായി ജാതി അങ്ങനെ തന്നെ നിലനിര്‍ത്തുന്നുണ്ട്. കാരണം, അവര്‍ക്ക് ഭരിക്കാന്‍ അതാണ് എളുപ്പം. ഏതെങ്കിലും ഒരു കാര്യം പറഞ്ഞ് അവരെ സ്വാധീനിച്ച്, ജാതി അങ്ങനെ തന്നെ നിര്‍ത്തുമെന്നും ഹക്കീം കൂട്ടിച്ചേര്‍ത്തു.






