
ബംഗളൂരു: ബംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബുധനാഴ്ചയാണ് കലസിപാല്യ ബിഎംടിസി ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപം ആറ് ജെലാറ്റിന്‍ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളും കണ്ടെത്തിയത്. വ്യത്യസ്ത ക്യാരി ബാഗുകള്‍ക്കുള്ളിലായിരുന്നു സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്.
ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചതനുസരിച്ച് പൊലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിട നിര്‍മാണ ആവശ്യങ്ങള്‍ക്കും ഖനനം പോലുള്ളവയ്ക്കും ഉപയോഗിക്കുന്ന വിലകുറഞ്ഞ സ്ഫോടക വസ്തുക്കളാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് ബംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറായ എസ്. ഗിരീഷ് അറിയിച്ചു.






