Breaking NewsCrimeLead NewsNEWSNewsthen Special

നായനാര്‍ വധശ്രമം മുതല്‍ കളമശേരി ബസ് കത്തിക്കല്‍ വരെ; ലഷ്‌കര്‍ ദക്ഷിണേന്ത്യാ കമാന്‍ഡറായ മലയാളി; ആരാണ് തടിയന്റവിടെ നസീര്‍?

കൊച്ചി: നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയാവുകയും, വിചാരണ പൂര്‍ത്തിയായ കേസുകളില്‍ കുറ്റവാളിയെന്ന് കണ്ടെത്തി ഇപ്പോള്‍ തടവില്‍ കഴിയുകയും ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് തടിയന്റവിടെ നസീര്‍ അഥവാ ഉമ്മര്‍ ഹാജി എന്നറിയപ്പെടുന്ന നീര്‍ച്ചാല്‍ ബെയ്തുല്‍ ഹിലാലില്‍ തടിയന്റവിടെ നസീര്‍. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്, 2008ലെ ബെംഗളുരു സ്‌ഫോടന പരമ്പര കേസ്, ഇ കെ നായനാര്‍ വധശ്രമക്കേസ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി നടത്തിയ കാച്ചപ്പള്ളി ജ്വല്ലറി കവര്‍ച്ച, കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്, അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കളമശ്ശേരിയില്‍ കത്തിച്ച കേസ് തുടങ്ങിയവയാണ് തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട പ്രധാന കേസുകള്‍.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ് ഇയാള്‍ എന്നാണ് പറയപ്പെടുന്നത്. മുന്‍ പിഡിപി പ്രവര്‍ത്തകനും കണ്ണൂര്‍ ഏരിയയില്‍ ഭാരവാഹിയും ആയിരുന്നു. കേരളത്തില്‍ നിന്നും മുസ്ലിം യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയും അവര്‍ കാശ്മീരില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവത്തില്‍ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

Signature-ad

ഇ.കെ നായനാര്‍ വധശ്രമക്കേസ്

മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ആറു പ്രതികളാണുണ്ടായിരുന്നത്. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് 1999ല്‍ പ്രതികള്‍ നായനാരെ വധിക്കാന്‍ കണ്ണൂരിലെ പള്ളിക്കുന്നില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ വിചാരണ നേരിട്ടിരുന്ന മഅദനിയെ മോചിപ്പിക്കാന്‍ സംസ്ഥാനത്തുടനീളം ഭീതി പടര്‍ത്തുന്ന തരത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, സംശയാതീതമായി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ കോടതി 2023 നവംബറില്‍ നസീര്‍ ഉള്‍പ്പെടെ ആറു പ്രതികളെ വിട്ടയച്ചിരുന്നു.

കളമശ്ശേരി ബസ് കത്തിക്കല്‍

അബ്ദുള്‍ നാസര്‍ മദനി 1989ല്‍ ആരംഭിച്ച ഇസ്ലാമിക് സേവാ സംഘിലൂടെ (ഐഎസ്എസ്) ആണ് നസീര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഐഎസ്എസ് നിരോധിക്കപ്പെട്ടതോടെ പിഡിപിയുടെ പ്രവര്‍ത്തകനായി. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് മദനി അറസ്റ്റിലായതോടെ നസീര്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തനമാരംഭിച്ചു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ 2002 ജൂണ്‍ 20ന് എറണാകുളം കിഴക്കമ്പലത്തെ കാച്ചപ്പള്ളി ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടരക്കിലോ സ്വര്‍ണം മോഷ്ടിച്ചിരുന്നു. ഈ കേസില്‍ നസീര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

തടവിലായിരുന്ന മദനിയെ മോചിപ്പിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാരിന്റെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ബസ് 2005 സെപ്റ്റംബര്‍ 9ന് തട്ടിയെടുത്ത് യാത്രക്കാരെ പുറത്തിറക്കി കളമശ്ശേരിയില്‍ വെച്ച് തീവെച്ച് നശിപ്പിച്ച കേസില്‍ പ്രധാന സൂത്രധാരനും ഒന്നാം പ്രതിയുമാണ്. 2006 മാര്‍ച്ച് 3ന് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലുമായി നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.

കര്‍ണാടക ജയിലില്‍ ‘തടിയന്റവിടെ’യ്ക്കടക്കം ഫോണ്‍ എത്തിച്ചു; ജയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ എന്‍ഐഎ പിടിയില്‍

2008 ഒക്ടോബറില്‍ കാശ്മീരില്‍ നാല് മലയാളി യുവാക്കള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച കേസില്‍, ഒളിവില്‍ കഴിയവെ പിടിയിലായി. കുറ്റക്കാരനാണെന്ന് കണ്ടെത്തപ്പെടുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. 2008ല്‍ തന്നെ ബെംഗളുരുവില്‍ നടന്ന സ്‌ഫോടന പരമ്പര കേസിലും പ്രതിയാണ്. റഹിം പൂക്കടശ്ശേരി വധശ്രമം, തയ്യില്‍ വിനോദ് വധം, കള്ളനോട്ട്, പൊലീസുകാരെ ആക്രമിച്ച കേസുകള്‍, വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം, തെളിവുനശിപ്പിക്കല്‍, കാര്‍ മോഷണക്കേസുകള്‍ തുടങ്ങി മറ്റു നിരവധി കേസുകളിലും പ്രതിയാണ്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനേതാവായ യാസീന്‍ ഭട്കല്‍, തടിയന്റവിട നസീറുമായി ചേര്‍ന്ന് കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. കേരളത്തിനു പുറമേ, കര്‍ണ്ണാടക, തമിഴ്നാട്, ജമ്മു-കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലും കേസുകള്‍ ഉണ്ട്. അമേരിക്കയില്‍ പിടിയിലായ ലെഷ്‌കര്‍ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെഡ്ലി നല്‍കിയ സൂചനകളെ തുടര്‍ന്ന് 2009 നവംബറില്‍ ബംഗ്ലാദേശില്‍ നിന്ന് അറസ്റ്റിലായി.

 

Back to top button
error: