ഗൂഗിളിന് വെല്ലുവിളിയാകും; വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ; ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റി മറിക്കും; ഗൂഗിളിന്റെ പരസ്യ വിപണിയെയും ബാധിച്ചേക്കും

സാന്‍ഫ്രാന്‍സിസ്കോ: ചാറ്റ് ജിപിടിയെന്ന എഐ പ്ലാറ്റ്ഫോം പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച ഓപ്പണ്‍ എഐ പുതിയ വെബ്ബ്രൗസര് പുറത്തിറക്കുന്നെന്നു റിപ്പോര്‍ട്ട്. നിലവില്‍ മുന്‍നിരയിലുള്ള ഗൂഗിള്‍ ക്രോമിനെ വെല്ലുവിളിക്കുന്ന വിധത്തിലാണ് ബ്രൗസറെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബ്രൗസര്‍ പുറത്തിറങ്ങുമെന്നാണു വിവരം. ഇതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ബ്രൗസര്‍, ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റിമറിക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ഇന്ന് ഉപയോഗിക്കാത്ത മേഖലകളില്ല. ഗൂഗിളും, എക്സുമൊക്കെ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ പ്ലാറ്റ്ഫോമുകള് പുറത്തിറക്കിയെങ്കിലും ഓപ്പണ്‍ എഐ പോലെ സ്വീകാര്യതയുണ്ടായിട്ടില്ല. യൂസര്‍ ഡാറ്റ പോലെ ഗൂഗിളിനെ വിപണിയില്‍ മുന്‍നിരയിലെത്തിച്ച സംഗതികളിലേക്ക് ഓപ്പണ്‍ എഐയ്ക്കു വളരെപ്പെട്ടെന്നു കടന്നെത്താന്‍ കഴിഞ്ഞേക്കും.
നിലവില്‍ 500 ദശലക്ഷം സജീവ ഉപഭോക്താക്കള്‍ ചാറ്റ് ജിപിടിക്കുണ്ട്. ഓപ്പണ്‍ എഐ ബ്രൗസര്‍ കൂടി പുറത്തിറക്കുന്നതോടെ ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗമായ പരസ്യ വിപണിയിലേക്കും കൂടുതല്‍ ചൂഴ്ന്നിറങ്ങും. ചാറ്റ് ജിപിടിയാണ് ഇപ്പോള്‍ ഗൂഗിളിനെക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്ഫബറ്റ്സിനെ നിലനിര്‍ത്തുന്നത് പരസ്യങ്ങളാണ്. വിവിധ വെബ്സൈറ്റുകളിലേക്കുള്ള വഴിവെട്ടിക്കൊടുക്കുന്നതിലൂടെ സെര്‍ച്ച് എന്ജിന് എന്ന നിലയില്‍ ട്രാഫിക്കും നിലനിര്‍ത്താന്‍ കഴിയും.
വെബ്സൈറ്റുകളില്‍ ക്ലിക്ക് ചെയ്യുന്നതിനുപകരം, ചാറ്റ്ജിപിടി പോലുള്ള ചാറ്റ് ഇന്റര്‍ഫേസിനുള്ളില്‍ ഉപഭോക്താക്കളെ നിലനിര്‍ത്തുന്ന തരത്തിലാണ് പുതിയ വെബ്സൈറ്റിന്റെ രൂപകല്പനയെന്നു രണ്ടു സോഴ്സുകള്‍ പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിപരമായും തൊഴില്‍പരമായുമുള്ള മേഖലകളിലേക്കു സര്‍വീസ് ദീര്‍ഘിപ്പിക്കുകയാണ് ബ്രൗസറിലൂടെ ഉദ്ദേശിക്കുന്നത്.
Exclusive: OpenAI to release web browser in challenge to Google Chrome






