
മുംബൈ: പ്രലോഭനങ്ങളിലൂടെയോ നിര്‍ബന്ധത്തിലൂടെയോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ തടയുന്നതിനായി കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്ത് നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് എംഎല്‍എമാര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെയാണ് ഇക്കാര്യം അറിയിച്ചത്.
ധൂലെ, നന്ദര്‍ബാര്‍ ജില്ലകളിലെ അനധികൃത പള്ളി നിര്‍മാണങ്ങള്‍ വ്യാപിക്കുന്നുണ്ടെന്ന് എംഎല്‍എ അനുപ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിര്‍മാണങ്ങളെക്കുറിച്ച് ഡിവിഷണല്‍ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ബവന്‍കുലെ സഭയ്ക്ക് ഉറപ്പ് നല്‍കി.അന്വേഷണം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ അനധികൃത പള്ളി നിര്‍മിതികള്‍ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതിലെ കാലതാമസത്തില്‍ എംഎല്‍എ അതുല്‍ ഭട്ഖല്‍ക്കര്‍ ആശങ്ക പ്രകടിപ്പിക്കുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും നിര്‍ബന്ധിതമോ ലവ് ജിഹാദോ എന്ന പേരിലോ ആണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതുപോലുള്ള കര്‍ശനമായ മതപരിവര്‍ത്തന വിരുദ്ധ നിയമം സംസ്ഥാനം എപ്പോഴാണ് കൊണ്ടുവരുന്നതെന്ന് ഭട്ഖല്‍ക്കര്‍ ചോദിച്ചു.അനധികൃത നിര്‍മാണങ്ങള്‍ ഉടനടി പൊളിച്ചുമാറ്റുമെന്നും ശക്തമായ മതപരിവര്‍ത്തന വിരുദ്ധ നിയമം തയ്യാറാക്കുന്നതിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ചര്‍ച്ച നടത്തുമെന്നും ബവന്‍കുലെ മറുപടി നല്‍കി.
മതപരിവര്‍ത്തനം ധൂലെയിലും നന്ദുര്‍ബാറിലും മാത്രമല്ല, മറ്റ് ഗോത്ര ആധിപത്യ പ്രദേശങ്ങളിലും നടക്കുന്നുണ്ടെന്നും ഇത് ഭില്‍, പോഹ്റ ഗോത്രങ്ങള്‍ പോലുള്ള സമൂഹങ്ങളെ ബാധിക്കുന്നുണ്ടെന്നും എംഎല്‍എ സഞ്ജയ് കുട്ടെ ചൂണ്ടിക്കാട്ടി. മതം മാറുന്ന ആദിവാസികള്‍ക്ക് ഇനി പട്ടികവര്‍ഗക്കാര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതം മാറിയ ആദിവാസികള്‍ പരമ്പരാഗത രീതികള്‍ പിന്തുടരുന്നത് തുടര്‍ന്നാല്‍, അത്തരം ആനുകൂല്യങ്ങള്‍ക്കുള്ള അവരുടെ യോഗ്യത പുനഃപരിശോധിക്കണമെന്നും കുട്ടെ നിര്‍ദേശിച്ചു.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോത്ര വികസന വകുപ്പ് സംസ്ഥാനവ്യാപകമായി ശേഖരിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഗോത്ര വികസന മന്ത്രി അശോക് ഉയ്‌കെ നിയമസഭയില്‍ ഉറപ്പ് നല്‍കി.പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഒരു സര്‍വേ വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.കഴിഞ്ഞ വര്‍ഷം 1,515 സംഘടനകള്‍ക്ക് വിദേശത്ത് നിന്ന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അവയില്‍ ചിലത് പള്ളി നിര്‍മാണത്തിനായി ഉപയോഗിച്ചുവെന്നും എംഎല്‍എ സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞു. ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1947-ല്‍ 84.1% ആയിരുന്നത് ഇന്ന് 79.8% ആയി കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി – ഈ പ്രവണത മഹാരാഷ്ട്രയിലും പ്രതിഫലിക്കുന്നുവെന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു.






