Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ചത് ആചാര ലംഘനമല്ല, ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിനു വിരുദ്ധമാകരുത് ചട്ടങ്ങളെന്നും ദേവസ്വം ബെഞ്ച്; മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയതിന്റെ പേരില്‍ നല്‍കിയ ഹര്‍ജി തള്ളി

പത്തനംതിട്ട: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ചതില്‍ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതില്‍ ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബര്‍ 7-നായിരുന്നു ശോഭായാത്ര ഉദ്ഘാടനം ചെയ്യാന്‍ സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയത്.

മാര്‍ അപ്രേമിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ക്ഷേത്രാചാരങ്ങളുടെ കാര്യത്തില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നും അദ്ദേഹം ഇതിനെ ആചാരലംഘനമായി കാണുന്നില്ലെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. മാര്‍ അപ്രേമിന്റെ ക്ഷേത്രപ്രവേശനം 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഈ നിയമത്തില്‍ ഇങ്ങനെ പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചട്ടങ്ങളില്‍ മാത്രമാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത്.

Signature-ad

നിയമത്തിന് വിരുദ്ധമായി ചട്ടങ്ങള്‍ നില്‍ക്കരുതെന്ന് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. നിയമങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കാനുള്ളതാകരുതെന്നും, പരസ്പര ബഹുമാനവും സഹവര്‍ത്തിത്വവും വളര്‍ത്താനാണ് ഉപയോഗിക്കേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണോ എന്ന് സര്‍ക്കാരിന് പരിശോധിക്കാം. തന്ത്രിമാരുമായും ദേവസ്വം ബോര്‍ഡുമായും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: