ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു; മെസേജുകള്‍ തന്റേതല്ലെന്ന് താരം; സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പ്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതില്‍ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകള്‍ തന്റേതല്ലെന്നും ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. തന്റെ അക്കൗണ്ടില്‍ നിന്ന് വരുന്ന ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങള്‍ പങ്കിടുകയോ ചെയ്യരുതെന്നും ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പ്രശ്‌നം പരിഹരിക്കാന്‍ ഉള്ള ശ്രമം നടക്കുകയാണെന്നും തുടര്‍ന്നുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്നും നടന്‍ കുറിച്ചു. ‘ഉണ്ണി മുകുന്ദന്‍ ഫിലിംസ്’ എന്ന പേരിലുള്ള നിര്‍മാണ കമ്പനിയുടെ പേജും ഹാക്ക് ചെയ്യപ്പെട്ടതായി താരം അറിയിച്ചു. ‘ഐ ആം ഉണ്ണി മുകുന്ദന്‍’ എന്ന പേരിലാണ് താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജുള്ളത്. 2.9 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള പേജാണ് ഇത്. ‘ഗെറ്റ് സെറ്റ് ബേബി’ ആണ് താരത്തിന്റെ ഒടുവില്‍ ഇറങ്ങിയ ചിത്രം.






