CrimeNEWS

വ്യാജമദ്യ വില്‍പന എതിര്‍ത്തു; എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു

ചെന്നൈ: മയിലാടുംതുറയില്‍ അനധികൃത മദ്യവില്‍പന എതിര്‍ത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും ബന്ധുവിനെയും വ്യാജമദ്യ വില്‍പന സംഘം വെട്ടിക്കൊന്നു. 3 പേര്‍ അറസ്റ്റിലായി. മുട്ടം സ്വദേശികളായ ഹരീഷ് (24) ബന്ധുവും വിദ്യാര്‍ഥിയുമായ ഹരിശക്തി(20) എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യവില്‍പനക്കാരായ രാജ്കുമാര്‍, തങ്കദുരൈ, മൂവേന്ദന്‍ എന്നിവര്‍ അറസ്റ്റിലായി. മദ്യവില്‍പനയുടെ പേരില്‍ ഏതാനും ദിവസം മുന്‍പു രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2 ദിവസത്തിനു ശേഷം ഇയാള്‍ക്കു ജാമ്യം ലഭിച്ചു.

തിരികെയെത്തിയ ഇയാള്‍ തനിക്കെതിരെ പരാതിപ്പെട്ട ദിനേശ് എന്ന യുവാവിനെ മര്‍ദിച്ചതോടെ ഹരീഷും ഹരിശക്തിയും ഇടപെട്ടു. തുടര്‍ന്നു തര്‍ക്കം രൂക്ഷമായി കയ്യാങ്കളിയിലെത്തിയപ്പോഴാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ 3 പ്രതികളുടെയും വീടുകള്‍ തല്ലിത്തകര്‍ത്തു. അനധികൃത മദ്യവില്‍പനയ്ക്കു നേതൃത്വം നല്‍കുന്ന 2 സ്ത്രീകളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.

Signature-ad

എന്നാല്‍, മദ്യവില്‍പന സംബന്ധിച്ച തര്‍ക്കമല്ല ഇരു വിഭാഗവും തമ്മിലുള്ള മുന്‍വൈരാഗ്യമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ വിശദീകരണം. യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷകക്ഷികളും രംഗത്തെത്തി.

Back to top button
error: