
തൃശൂര്‍: പോട്ട ഫെഡറല്‍ബാങ്കില്‍ പട്ടാപ്പകലുണ്ടായ കവര്‍ച്ച നടന്നിട്ട് 24 മണിക്കൂറിലധികം പിന്നിടുമ്പോഴും കള്ളനെക്കുറിച്ച് കൃത്യമായ സൂചന ലഭിക്കാതെ പോലീസ്. കള്ളന്റെയും വാഹനത്തിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടും യാതൊരു തുമ്പും ഇതുവരെ ലഭിച്ചില്ല. അധികമാര്‍ക്കുമില്ലാത്ത മോഡല്‍ ഇരുചക്രവാഹനത്തിലാണ് പ്രതിയെത്തിയത്. അതിനാല്‍ കണ്ടെത്താന്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്. ഇലക്ട്രിക് സ്‌കൂട്ടറെന്നു തോന്നിപ്പിക്കുന്ന പെട്രോള്‍സ്‌കൂട്ടറാണ് ഇത്.
ബാങ്കില്‍നിന്ന് പുറത്തിറങ്ങിയശേഷം ചാലക്കുടി ടൗണ്‍ ഭാഗത്തേക്കാണ് മോഷ്ടാവ് പോയത്. ഇതിനെ അടിസ്ഥാനപ്പെടുത്തി അങ്കമാലി, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍, അവിടങ്ങളിലേക്ക് മോഷ്ടാവ് എത്തിയിട്ടില്ലെന്ന് രാത്രി വൈകിയാണ് പോലീസ് തിരിച്ചറിഞ്ഞത്. ബാങ്കിന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള സുന്ദരിക്കവലയില്‍വെച്ചാണ് മോഷ്ടാവ് അപ്രത്യക്ഷനായത്. ഇവിടെനിന്ന് ചെറുറോഡുകള്‍ വഴി കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പ്രവേശിക്കാം. തൃശ്ശൂരില്‍ എത്തിയിരുന്നതായും സംശയമുണ്ട്.

മോഷ്ടാവ് സംസ്ഥാനം കടന്നെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കള്ളനെ അന്വേഷിച്ച് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. പ്രതിയിലേക്കെത്താന്‍ വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത്. 25 ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേകസംഘമാണ് അന്വേഷണത്തിന്. മോഷണം നടന്ന ബാങ്ക് ശാഖയുടെ സുരക്ഷ കൂട്ടി. ശനിയാഴ്ച രാവിലെത്തന്നെ സുരക്ഷാജീവനക്കാരെ നിയോഗിച്ചു. ബാങ്ക് ജീവനക്കാരുടെ മൊഴി പോലീസ് വീണ്ടും എടുത്തു.
പട്ടാപ്പകല്‍ പോട്ടയിലെ ബാങ്കില്‍ക്കയറി ഒറ്റയ്ക്ക് മോഷണം നടത്തിയിട്ടും സംഭവത്തില്‍ ദുരൂഹത ബാക്കി. വെറും മൂന്നുമിനിറ്റുകൊണ്ട് വെറുമൊരു കത്തിമാത്രം ഉപയോഗിച്ച് കവര്‍ച്ച നടത്താനായെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മോഷ്ടാവിനെയോ അയാള്‍ ഉപയോഗിച്ച വാഹനമോ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉണ്ടായിട്ടും തിരിച്ചറിയാനായിട്ടുമില്ല.
ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കുന്ന സമയത്തുതന്നെയാണ് മോഷ്ടാവ് എത്തിയത്. മിനിറ്റുകള്‍ മാറിയിരുന്നെങ്കില്‍ ജീവനക്കാര്‍ കൂടുതലുള്ളതുകൊണ്ട് ഒരുപക്ഷേ, പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. നട്ടുച്ചസമയത്താണ് മോഷ്ടാവ് എത്തിയതെന്നതിനാല്‍ ബാങ്ക് പരിസരം വിജനമായിരുന്നു. തൊട്ടടുത്ത കടകളില്‍ അധികവും സ്ത്രീജീവനക്കാരായിരുന്നെന്നതും മോഷ്ടാവിന് സഹായകമായി. ഇതെല്ലാം അറിഞ്ഞശേഷമാണോ കവര്‍ച്ച, യാദൃച്ഛികമായി ഇത്രയും അനുകൂലഘടകങ്ങള്‍ ഉണ്ടായതാണോ എന്നതിലും ദുരൂഹതയുണ്ട്.
47 ലക്ഷം രൂപയില്‍ 15 ലക്ഷം മാത്രമായെടുത്തത് എന്തുകൊണ്ടെന്ന ചോദ്യം ബാക്കിയാകുന്നു. മോഷണത്തിനുശേഷം പ്രതി എങ്ങോട്ടുപോയി എന്നതിനും ഉത്തരമില്ല. ചാലക്കുടി ടൗണ്‍ഭാഗത്തേക്ക് പോയ മോഷ്ടാവ് തിരിച്ച് തൃശ്ശൂര്‍ ഭാഗത്തേക്കുതന്നെ വന്നെന്നും ഇതു പോലീസിനെ കബളിപ്പിക്കാനായിരുന്നെന്നും പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. മുന്‍പരിചയമില്ലാത്ത ആള്‍ക്ക് മൂന്നുമിനിറ്റുകൊണ്ട് മോഷണം നടത്തി പുറത്തിറങ്ങാനാകുമോ എന്ന സംശയവുമുണ്ട്.