KeralaNEWS

‘രാജ്യത്ത് വേറിട്ടമാതൃക,’ കേരളത്തെ പ്രകീർത്തിച്ച് ശശി തരൂർ: വിവാദങ്ങള്‍ അവസാനിപ്പിച്ച്  കേരളത്തിനായി ഒന്നിക്കണമെന്ന് മന്ത്രി പി രാജീവ്

  വ്യവസായ മേഖലയിൽ കേരളത്തിൽ സംഭവിച്ചമാറ്റത്തെ പ്രകീർത്തിച്ചു കൊണ്ട് ശശി തരൂർ എംപിയുടെ ലേഖനം ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ.‘ചെയ്ഞ്ചിങ് കേരള; ലംബറിങ്‌ ജമ്പോ റ്റു എ ലൈത്‌ ടൈഗർ’ എന്ന തലക്കെട്ടിൽ പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശിതരൂർ പ്രശംസിച്ചത്. വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനവും ചുവപ്പുനാടയിൽ കുരുങ്ങാതെ വ്യവസായ സാഹചര്യം ഒരുക്കുന്നതും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതേ സമയം ശശി തരൂരിന്റെ ലേഖനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്കുള്ള ഒരു സന്ദര്‍ഭമായി മാറ്റരുതെന്ന് വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയില്‍ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ തുടര്‍ച്ചയിലാണ് അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് അടുത്തയാഴ്ച വേദിയൊരുങ്ങുന്നത്. അന്താരാഷ്ട്ര കമ്പനികളും ആഗോള പ്രശസ്തരായ സംരംഭകരും കേരളത്തിലെത്തുമ്പോള്‍ ഇവിടെ സങ്കുചിത തര്‍ക്കങ്ങള്‍ നടക്കുന്നു എന്ന പ്രതീതി ഉളവാക്കുന്നത് ഗുണകരമല്ല. കേരളം ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. കേരളത്തില്‍ ജീവിക്കുന്നവരും മറ്റിടങ്ങളിലേക്ക് കുടിയേറിയവരും പ്രതീക്ഷയോടെയാണ് നിക്ഷേപക സംഗമത്തെ നോക്കിക്കാണുന്നത്. നിക്ഷേപക സംഗമത്തിലേക്ക് പ്രതിപക്ഷത്തേയും കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവരേയും ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Signature-ad

നിക്ഷേപക സംഗമത്തിന് മുന്നോടിയായി നടത്തിയ കോണ്‍ക്ലേവില്‍ വിപ്രോ കമ്പനിയും ഭാരത് ബയോടെക് കമ്പനിയുമാണ് കെ- സ്വിഫ്റ്റ് വഴി അതിവേഗം അനുമതി ലഭിച്ച കാര്യം പങ്കു വച്ചത്. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവിടെ തന്നെ പരിഹരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരുകള്‍ വരും പോകും. കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ ഇപ്പോഴുണ്ട്. ഇവിടെ തര്‍ക്കമാണെന്ന പ്രതീതി സൃഷ്ടിക്കരുത്. ഭാവി തലമുറയെ ഓര്‍ത്ത് സങ്കുചിത താല്‍പര്യങ്ങളില്‍ നിന്ന് പുറത്ത് കടക്കണം. കേരളത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത് എന്നും പി.രാജീവ് പറഞ്ഞു.

“ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ 28-ാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്തായി. 2024ലെ ഗ്ലോബൽ സ്റ്റാർട്ട് അപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ട് പ്രകാരം കേരളത്തിൻ്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ 5 ഇരട്ടി അധികമാണ്…” തരൂർ ലേഖനത്തിൽ പറയുന്നു. സംരംഭങ്ങൾക്ക് ഏകജാലത്തിലൂടെ അനുമതി ലഭിക്കുന്നത് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

“വ്യവസായം തുടങ്ങാൻ സിംഗപ്പൂരിലോ അമേരിക്കയിലോ മൂന്നുദിവസം എടുക്കുമ്പോൾ ഇന്ത്യയിൽ ശരാശരി 114 ദിവസം എടുക്കും. കേരളത്തിൽ 236 ദിവസവും എടുക്കും. എന്നാൽ കുറച്ച് ദിവസങ്ങൾക്കു മുൻപ് വ്യവസായ മന്ത്രി പി രാജീവ് രണ്ട് മിനിറ്റിനുള്ളിൽ കേരളത്തിൽ ബിസിനസ് തുടങ്ങാമെന്ന് പ്രഖ്യാപിച്ചത് വലിയ മാറ്റമാണ്.” ശശിതരൂർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: