KeralaNEWS

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക്

തിരുവനന്തപുരം: സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗോപന്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയും മതാചാര പ്രകാരം സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു. അതിനിടെ, പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകന്‍ സനന്ദന്‍ പ്രതികരണവുമായി രംഗത്തെത്തി. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും സനന്ദന്‍ പറഞ്ഞു.

Signature-ad

ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛന്‍ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകന്‍ പറഞ്ഞു. വിഡിഎസ്പി നേതാവ് ചന്ദ്രശേഖരന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത്. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപന്‍ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തുമെന്നും അച്ഛന്‍ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയതെന്നും സംഭവിച്ച കാര്യങ്ങളില്‍ വളരെ വിഷമം ഉണ്ടെന്നും മകന്‍ സനന്ദന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: