കണ്ണൂര്‍: ഒരു രൂപയക്ക് ഷൂ! കണ്ണൂര്‍ നഗരത്തിലെ ഒരു കടയുടെ ഓഫര്‍ ആയിരുന്നു ഇത്. ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പില്‍ എത്തുന്ന 75 പേര്‍ക്കാണ് കടയുടമകള്‍ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചത്. സമൂഹികമാധ്യമങ്ങളിലെ റീല്‍സ് കണ്ട് ആയിരത്തിലധികം പേരാണ് ഷൂ വാങ്ങാന്‍ ഞായറാഴ്ച കടയില്‍ എത്തിയത് . ആദ്യ 75-ല്‍ ഉള്‍പ്പെടാന്‍ പുലര്‍ച്ചെ സ്ത്രീകള്‍ അടക്കം എത്തിയപ്പോള്‍ പരിസരമാകെ ജനങ്ങളെ കൊണ്ട് തടിച്ചു കൂടി.
സ്ഥലം ജനസാഗരമായതോടെ ടൗണ്‍ പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. കട തത്കാലം അടപ്പിച്ചിരിക്കുകയാണ് പോലിസ്. ഇതോടെ ആളുകള്‍ പിരിഞ്ഞുപോയി. സാമൂഹികമാധ്യമങ്ങളിലെ പരസ്യം പോലീസിനെ ഉള്‍പ്പെടെ ഞായറാഴ്ച മണിക്കൂറുകളോളം അങ്കലാപ്പിലാക്കി. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 75 പേര്‍ക്കുള്ള കിടിലന്‍ ഓഫറിന്റെ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു. മറ്റു ഓഫറുകളും കടയില്‍ കിട്ടുമെന്നും പരസ്യത്തിലുണ്ട്.
ഒരു രൂപ നോട്ട് തപ്പിയെടുത്ത് ജില്ലയില്‍നിന്നും പുറത്തും ഉള്ളവര്‍ അതിരാവിലെ എത്തി. 11 മണിയോടെ ആ പ്രദേശമാകെ ആളുകളെ കൊണ്ട് നിറഞ്ഞു. ഓഫറിന് വേണ്ടി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നപ്പോള്‍ പോലീസ് ഇടപെട്ടു. കടപൂട്ടാന്‍ ഉടമകളോട് പറഞ്ഞു. ഓഫര്‍ ലഭിക്കാത്ത നിരാശയില്‍ ആളുകള്‍ പിരിഞ്ഞുപോയി.