KeralaNEWS

കൊന്നുകളയാന്‍ ആക്രോശിച്ചു, വസ്ത്രം വലിച്ചുപറിച്ചു, പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടു; സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കലാ രാജു

എറണാകുളം: കൂത്താട്ടുകുളത്ത് സിപിഎം പ്രവര്‍ത്തകര്‍ പെരുമാറിയത് വളരെ മോശമായെന്ന് കൗണ്‍സിലര്‍ കലാ രാജു. പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടു, തന്നെ കൊന്നുകളയണമെന്ന് ആക്രോശിച്ചെന്നും കലാരാജു പറഞ്ഞു.

‘അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാന്‍ തന്നെയാണ് വന്നത്. പ്രമേയത്തില്‍ നിന്ന് മാറിനിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. എതിര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇതുപോലെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ ആഘാതത്തിലാണ് ഇപ്പോഴും.’- കല പറഞ്ഞു.

Signature-ad

‘എനിക്ക് എന്റേതായ നിലപാടുകളുണ്ട്. ഞാന്‍ 25 വര്‍ഷം പാര്‍ട്ടിയിലുണ്ടായ ആളാണ്. എന്റെ നിലപാട് വ്യക്തമാക്കിയപ്പോഴാണ് എതിര്‍പ്പ് ഉയര്‍ന്നത്. പൊതുമധ്യത്തില്‍ വസ്ത്രാക്ഷേപം നടത്തി. അവളെ കൊന്നുകളയെടാ എന്ന് ലോക്കല്‍ സെക്രട്ടറിയൊക്കെ ആക്രോശമൊക്കെ കേള്‍ക്കാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ പറയുന്നത് അവരറിഞ്ഞില്ലെന്നാണ്, എന്നാല്‍ എന്നെ വണ്ടിയിലേക്ക് വലിച്ചിഴച്ചത് വൈസ് ചെയര്‍മാനാണ്.’- അവര്‍ കൂട്ടിച്ചേര്‍ത്തു.

ജനക്കൂട്ടത്തിനിടയില്‍ വെച്ച് വനിതാ സഖാക്കള്‍ എന്റെ കഴുത്തിന് പിടിച്ച് പുരുഷ സഖാക്കള്‍ക്ക് ഇട്ടുകൊടുക്കുന്ന പ്രവണതയാണ് ഉണ്ടായതെന്നും കല പറയുന്നു. കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങള്‍. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടര്‍ന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ കലാരാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സിപിഎം ഓഫീസില്‍നിന്നാണ് കൗണ്‍സിലര്‍ കലാരാജു പുറത്തുവന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: