തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബവ്‌റിജസ് കോര്‍പറേഷനില്‍നിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സര്‍ക്കാരിനു നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയര്‍ത്തിയാല്‍ മദ്യവില വര്‍ധിപ്പിക്കേണ്ടിവരുമെന്നു ബവ്‌കോ കണക്കുകള്‍ നിരത്തി നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെ നികുതി വകുപ്പ് തീരുമാനം തല്‍ക്കാലം മരവിപ്പിച്ചു. അധിക ഗാലനേജ് ഫീ ഈടാക്കാന്‍ കഴിയാത്ത സാഹചര്യം ഇത്തവണത്തെ ബജറ്റിനു മുന്നോടിയായി ധനകാര്യവകുപ്പ് നടത്തുന്ന അവലോകനത്തില്‍ നികുതി വകുപ്പ് അറിയിക്കും.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനു ലീറ്ററിന് 10 രൂപ വീതം ബവ്‌കോയില്‍നിന്നു ഗാലനേജ് ഫീ ഈടാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. മദ്യവില വര്‍ധിപ്പിക്കില്ലെന്നു പ്രഖ്യാപനവേളയില്‍ത്തന്നെ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നെങ്കിലും ബവ്‌കോ സമര്‍പ്പിച്ച കണക്കുകള്‍ മറിച്ചായിരുന്നു. 200 കോടിയുടെ വാര്‍ഷിക വരുമാനമാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും 300 കോടി രൂപ ഈയിനത്തില്‍ നല്‍കേണ്ടിവരുമെന്നാണു ബവ്‌കോയുടെ കണക്കെടുപ്പില്‍ കണ്ടെത്തിയത്. ബവ്‌കോ ലാഭമുണ്ടാക്കുമ്പോള്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും, ലാഭം കുറയുന്ന സന്ദര്‍ഭത്തില്‍ ഇതു ബാധ്യതയാവുകയും മദ്യവില ഉയര്‍ത്തേണ്ടിവരികയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.
2022 നവംബറില്‍ മദ്യത്തിന്റെ വില്‍പന നികുതി 4% വര്‍ധിപ്പിച്ച സര്‍ക്കാര്‍, 202324ലെ ബജറ്റില്‍ സെസും ഏര്‍പ്പെടുത്തിയിരുന്നു. 500999 രൂപ വിലയുള്ള കുപ്പിക്ക് 20 രൂപയും 1000നു മുകളിലേക്കു വിലയുള്ള കുപ്പിക്കു 40 രൂപയുമാണു സെസ്. ഇതിനു പുറമേയായിരുന്നു ഗാലനേജ് ഫീ വര്‍ധന.