CrimeNEWS

ചീരക്കറിയില്‍ കീടനാശിനി കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തി; പേരമകനും ഭാര്യയും കുറ്റക്കാര്‍, ശിക്ഷ നാളെ

പാലക്കാട്: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയ കേസില്‍ പേരമകന്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മണ്ണാര്‍ക്കാട് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികളുടെ ശിക്ഷ നാളെ പ്രസ്താവിക്കും.

2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി.

Signature-ad

22-ാം തീയതി രാത്രി ചീരക്കറിയില്‍ കീടനാശിനി ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും കാര്യമായ ശാരീരിക വിഷമതകള്‍ കാണാതിരുന്നതോടെ, രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഭര്‍ത്താവിന്റെ പിതാവിന് മെത്തോമൈന്‍ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫസീല നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: