കൊല്ലം: സിപിഎം ജില്ലാ സമ്മേളനത്തില്‍ വെള്ളം വിതരണം ചെയ്യാനുപയോഗിച്ച ചില്ലുകുപ്പിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. നിയമ നടപടിയെക്കുറിച്ച് നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചിന്ത പറഞ്ഞു. വെളുത്ത കുപ്പികള്‍ക്ക് പകരം തവിട്ടു നിറത്തിലുള്ള കുപ്പികളിലാണ് സമ്മേളന വേദിയില്‍ കരിങ്ങാലിവെള്ളം എത്തിച്ചത്. ഇവ ബീയര്‍ കുപ്പികളാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചാരണം നടത്തിയത്.
ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ചിന്ത പറഞ്ഞു. ”പാര്‍ട്ടിയെ ആക്രമിക്കാനുള്ള മോശപ്പെട്ട ശ്രമമാണ് ഉണ്ടായത്. മൂന്നു ദിവസമായി ഞാന്‍ പാര്‍ട്ടി സമ്മേളനത്തിലായിരുന്നു. ബീയര്‍ കുപ്പി വിവാദമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ചൂടുവെള്ളം കുപ്പിയില്‍ കൊടുത്തതാണ്.
പ്രതിനിധികള്‍ക്കും സ്റ്റേജിലുള്ള നേതാക്കള്‍ക്കും ചൂടുവെള്ളം നല്‍കുന്നതിന് സംഘാടക സമിതി വളരെ മാതൃകാപരമായി കുപ്പി ഉപയോഗിച്ചു. ഇതില്‍ എന്താണ് പുതിയ കാര്യം? ആരാണ് ഇത് ചെയ്യാത്തത്? വീടുകളിലും ഇങ്ങനെ ഉപയോഗിക്കുന്നുണ്ട്. സ്റ്റേജില്‍ ഇരിക്കുമ്പോള്‍ തന്നെ കുപ്പിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ അദ്ഭുതം തോന്നി.” ചിന്ത കൊല്ലത്ത് മാധ്യമങ്ങളോടു പറഞ്ഞു.