Social MediaTRENDING

പ്രസവശേഷം ദീപിക പദുകോണ്‍ ആദ്യമായി പൊതുവേദിയില്‍; ഏറ്റെടുത്ത് ഇന്റര്‍നെറ്റ്

ബെംഗളൂരുവില്‍ പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസാഞ്ജിന്റെ സംഗീതപരിപാടിയെ ഇളക്കിമറിച്ച് ബോളിവുഡ് താരം ദീപിക പദുകോണിന്റെ രംഗപ്രവേശം. പ്രസവശേഷം ആദ്യമായി പൊതുവേദിയിലെത്തിയതായിരുന്നു ദീപിക. അപ്രതീക്ഷിതമായെത്തിയ ദീപികയെ കണ്ട് ആരാധകര്‍ അത്ഭുതപ്പെടുകയും ആവേശഭരിതരാവുകയും ചെയ്തു.

സെപ്റ്റംബറിലാണ് ദീപികയും രണ്‍വീര്‍ സിങ്ങും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേറ്റത്. കുഞ്ഞുപിറന്നതോടെ അമ്മയുടെ റോളില്‍ തിരക്കുകളിലായ ദീപിക മാസങ്ങളായി പൊതുവേദികളിലൊന്നും എത്തിയിരുന്നില്ല.

Signature-ad

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പരിപാടി. സ്റ്റേജില്‍ ദില്‍ജിത്തിനൊപ്പം നൃത്തം ചെയ്ത് ആരാധകര്‍ക്ക് ദീപിക ഊര്‍ജം പകര്‍ന്നു. ഇതിന്റെ വീഡിയോ ദില്‍ജിത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. അദ്ദേഹത്തിന്റെ ഹിറ്റ് ഗാനം ‘ഹാസ് ഹാസി’നാണ് ഇരുവരും ചുവടുവെച്ചത്. ദീപിക ദില്‍ജിത്തിനെ കന്നഡയിലെ ചില വരികള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡികോളില്‍ കാണാം. ദില്‍ജിത് കന്നഡയില്‍ ‘ഐ ലവ് യു’ പറയാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു, ഇതോടെയാണ് ദീപിക രക്ഷയ്ക്കെത്തിയത്. ഇതിന്റെ വീഡിയോകളും വൈറലായി.

ബെംഗളൂരുവിലാണ് ദീപിക വളര്‍ന്നത്, സിനിമാ ഇന്‍ഡസ്ട്രിയിലെത്തുംമുമ്പ് ഇവിടെയായിരുന്നു ദീപികയുടെ ലോകം. അതുകൊണ്ടുതന്നെ ദീപികയ്ക്ക് ഇത് പ്രത്യേകനിമിഷങ്ങളായിരുന്നു.

ദില്‍ജിത്തിനൊപ്പം സ്റ്റേജിലെത്തുന്നതിനു മുമ്പ്, ദീപിക സുഹൃത്തുക്കളോടൊപ്പം അദ്ദേഹത്തിന്റെ പ്രകടനം ആസ്വദിക്കുന്നതിന്റെ വീഡിയോകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. നാളുകള്‍ കൂടി കാണുന്നതിന്റെ സ്നേഹം നെറ്റിസണ്‍സ് ദീപികയ്ക്കുമേല്‍ ചൊരിഞ്ഞു. പലര്‍ക്കും വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല ദീപിക പരിപാടിക്കെത്തിയത്.

ദുവ എന്നാണ് ദീപികയും രണ്‍വീര്‍ സിങ്ങും തങ്ങളുടെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അവള്‍ തങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണെന്നും അതിനാലാണ് ഈ പേരിട്ടിരിക്കുന്നതെന്നും ദമ്പതിമാര്‍ വ്യക്തമാക്കിയിരുന്നു.

 

Back to top button
error: