Breaking NewsKeralaLead NewsNEWSNewsthen Specialpolitics

എം.ടി. രമേശും പദ്മജ വേണുഗോപാലുമല്ല; താമര ചിഹ്നത്തില്‍ തൃശൂര്‍ മണ്ഡലത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് എത്തും; മണ്ഡലത്തിലേക്ക് താമസം മാറി; നീക്കം ആരംഭിച്ചത് മൂന്നുവര്‍ഷം മുമ്പ്; കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ചുമതല നല്‍കി

തൃശൂര്‍: എം.ടി. രമേശിനെയും പദ്മജ വേണുഗോപാലിനെയും വെട്ടി തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. 2021ല്‍ ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു മന്ത്രി ആര്‍. ബിന്ദുവിനോടു പരാജയപ്പെട്ടതിനു പിന്നാലെ തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ താമസവും തൃശൂരിലേക്കു മാറ്റിയതോടെയാണ് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തൃശൂരിലേക്കു താമസം മാറിയതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നത്. ആറുമാസം മുന്പുതന്നെ പറവട്ടാനിയില്‍ വാടകയ്ക്കു താമസിച്ചിരുന്നു. ഇപ്പോള്‍ അയ്യന്തോളിലേക്കാണ് മാറിയത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കില്ലെന്നു പറയാന്‍ കഴിയില്ലെന്നാണ് ഒരു മാധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തിയത്.

Signature-ad

2021ല്‍ തൃശൂര്‍ തേക്കിന്‍കാട്ടിലെ ചടങ്ങില്‍വച്ചാണു ജേക്കബ് തോമസ് ബിജെപി അംഗത്വമെടുത്തത്. പിന്നാലെ ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 15 ഡിവിഷനുകളുടെ ചുമതല നല്‍കി. അഞ്ചുവര്‍ഷമായി വിവിധ പ്രവര്‍ത്തനങ്ങളുമായി തൃശൂരില്‍ സജീവവുമാണ്. ഇതിനിടെ ഒരു എന്‍ജിനീയറിംഗ് കോളജില്‍ മൂന്നുവര്‍ഷമായി അധ്യാപകനായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ജോലി വിട്ടത്. പിന്നീടു യോഗ ക്ലാസുകള്‍ക്കും മറ്റുമായി നിരന്തരം തൃശൂരിലായിരുന്നു താമസം. ഈ സാഹചര്യത്തിലാണ് തൃശൂരിലേക്കു പൂര്‍ണമായി മാറാന്‍ ഉദ്ദേശിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും ലക്ഷ്യം തൃശൂര്‍ സീറ്റ് തന്നെയാണെന്നാണ് ഉറപ്പിക്കുന്നത്.

തൃശൂരിനു പുറമേ, ഒല്ലൂര്‍, കൊടുങ്ങല്ലൂര്‍, മണലൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ ബിജെപിക്കു വോട്ട് വിഹിതമുണ്ടെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും സാംസ്‌കാരിക നിലവാരവുമുള്ള തൃശൂര്‍ മണ്ഡലം സുരേഷ് ഗോപിക്കു നല്‍കിയ സ്വീകാര്യത തനിക്കും നല്‍കുമെന്നും ജേക്കബ് തോമസ് കണക്കാക്കുന്നു. ഇവിടുത്തെ ജനങ്ങളുമായി എളുപ്പം ആശയവിനിയമം സാധ്യമാകുമെന്നും അദ്ദേഹം കരുതുന്നു. അക്കാദമിക് രംഗങ്ങളില്‍ ശ്രദ്ധചെലുത്തുന്ന ജേക്കബ് തോമസിന് മണ്ണുത്തിയിലെ പഠനകാലംമുതല്‍ തൃശൂരുമായി അടുത്ത ബന്ധവുമുണ്ട്. ക്രിസ്ത്യന്‍ വോട്ടുകള്‍ക്കു നിര്‍ണായക സ്വാധീനമുള്ളതിനാല്‍ അതും നേട്ടമാകുമെന്നു പ്രതീക്ഷിക്കുന്നു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലെത്തിയ പദ്മജ വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും മുന്‍ ഡിജിപിയും അഴിമതിവിരുദ്ധ മുഖഛായയുമുള്ള ജേക്കബ് തോമസിനെ ഇറക്കുന്നതിലൂടെ പൊതുവോട്ടുകള്‍ സമാഹരിക്കാനാകുമെന്നാണു പ്രതീക്ഷ. എല്‍ഡിഎഫും യുഡിഎഫും ഹിന്ദുവിഭാഗത്തില്‍നിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കുമെന്നും പ്രതീക്ഷിക്കുന്നു.

മണ്ഡലം ലക്ഷ്യമിട്ട് എം.ടി. രമേശും വീടു വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന സൂചന ചില പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും വിജയസാധ്യത പരിശോധിച്ചാകും തുടര്‍ നീക്കങ്ങള്‍. തേറന്പിലിനുശേഷം രണ്ടുവട്ടം പദ്മജ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും തോറ്റു. 2016ല്‍ വി.എസ്. സുനില്‍ കുമാറിനോടും 2021ല്‍ പി. ബാലചന്ദ്രനോടുമാണ് പരാജയപ്പെട്ടത്. 946 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാലചന്ദ്രന്റെ വിജയം. മൂന്നാം സ്ഥാനത്തെത്തിയ സുരേഷ് ഗോപിയുമായി 3806 വോട്ടിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ദേശീയ നേതൃത്വമാണു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയെന്നും തൃശൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു.

 

Former DGP Jacob Thomas (IPS) is reportedly positioning himself as the BJP candidate for the Thrissur Assembly constituency, potentially sidelining other key contenders like M.T. Ramesh and Padmaja Venugopal. After contesting from Irinjalakuda in 2021 and losing to Minister R. Bindu, Thomas has shifted his focus entirely to Thrissur. BJP District President Justin Jacob stated that the final decision rests with the national leadership and no official announcement has been made yet.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: