LIFEReligion

എന്താണ് ഗുരുവായൂര്‍ ഏകാദശി? പ്രാധാന്യമെന്ത്? വത്രാനുഷ്ഠാനം ഇങ്ങനെ

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്.

ഏറ്റവുമധികം ഭക്തജനങ്ങള്‍ എത്തുന്ന ആഘോഷം കൂടിയാണിത്. ദശമി പുലര്‍ച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസം രാവിലെ 9 വരെ തുറന്നു വയ്ക്കുന്നത് ഭക്തര്‍ക്കെല്ലാം ദര്‍ശനം നല്‍കാനാണ്. ഇത്തവണ ഡിസംബര്‍ 11 ബുധനാഴ്ചയാണ് ഏകാദശി.

Signature-ad

എന്താണ് ഗുരുവായൂര്‍ ഏകാദശി?

ഒരു ചാന്ദ്രമാസത്തില്‍ വെളുത്തതും കറുത്തതുമായി രണ്ട് പക്ഷങ്ങളുണ്ടാകും. ഇരുപക്ഷങ്ങളിലെയും പതിനൊന്നാം ദിവസമാണ് ഏകാദശി എന്നറിയപ്പെടുന്നത്. ഈ ദിവസം അനുഷ്ഠിയ്ക്കപ്പെടുന്ന വ്രതം വിഷ്ണുപ്രീതികരമായി കണക്കാക്കപ്പെടുന്നു. ഏകാദശിയുടെ തലേദിവസവും (ദശമി) പിറ്റേദിവസവും (ദ്വാദശി) കൂടി ഉള്‍പ്പെടുന്നതാണ് വ്രതം. തലേന്നും പിറ്റേന്നും ഒരിയ്ക്കലും ഏകാദശിനാളില്‍ പൂര്‍ണ്ണ ഉപവാസവുമാണ് പറഞ്ഞിട്ടുള്ളത്.

ഏകാദശി നാളില്‍ സകല ദേവഗണങ്ങളും ക്ഷേത്രത്തിലെത്തും എന്നാണ് വിശ്വാസം. ഓരോ മണ്‍തരിയിലും വിഷ്ണു ചൈതന്യം പ്രസരിക്കുന്ന ദിനം. ചാന്ദ്രമാസത്തിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. അമാവാസിയുടെ പിറ്റേന്ന് പ്രഥമ മുതല്‍ പൗര്‍ണമി വരെയുള്ള 15 ദിവസമാണ് ശുക്ലപക്ഷം. ഗുരുവും വായുവും പ്രതിഷ്ഠ നടത്തിയതും മേല്‍പുത്തൂര്‍ നാരായണീയം എഴുതി സമര്‍പ്പിച്ചതും ഏകാദശി നാളിലാണെന്ന് വിശ്വസിക്കുന്നു. അരനൂറ്റാണ്ടിലേറെ ഗുരുവായൂരപ്പനെ സേവിച്ച ഗുരുവായൂര്‍ കേശവന്‍ ഏകാദശി ദിനത്തില്‍ ബ്രാഹ്‌മ മുഹൂര്‍ത്തത്തിലാണ് ചരിഞ്ഞത്. കുരുക്ഷേത്ര യുദ്ധത്തിനിടയില്‍ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേര്‍തട്ടില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു.

വ്രതാനുഷ്ഠാനം ഇങ്ങനെ

ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂര്‍ണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവര്‍ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയള്ള ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളില്‍ വിഷ്ണുഗായത്രി ജപിക്കുന്നതും സദ്ഫലം നല്‍കുമെന്നാണ് വിശ്വാസം.

അന്നേ ദിവസം മുഴുവന്‍ അന്യചിന്തകള്‍ക്കൊന്നും ഇടം നല്‍കാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീര്‍ത്തിക്കുന്ന നാമങ്ങള്‍ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: