നീ ഈ വഴി പോകുന്നത് ഒന്നു കാണണം… ബ്ലോക്കിൽ നിന്ന് കുറുക്കുവഴിക്ക് ഫുട്പാത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ വന്നവഴി തിരിച്ചിറക്കി ഇരട്ട ചങ്കത്തി അമ്മച്ചി പ്രഭാവതി അമ്മ- വീഡിയോ

കോഴിക്കോട്: എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ ഇരട്ട ചങ്ക് അമ്മച്ചിയെ തിരിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സൂപ്പർ താരമായ ആ വീട്ടമ്മ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതി അമ്മയാണ്.
ജംക്‌ഷനിലെ തിരക്കുമറികടക്കാൻ റോഡിൽ നിന്ന് ഫുട്‌പാത്തിലൂടെ കയറുന്നതിനിടെ തടഞ്ഞ് തിരിച്ചയച്ച തന്റെ വീഡിയോ വൈറലായ വിവരം വ്യാഴാഴ്ച വൈകിട്ടാണ് പ്രഭാവതി അമ്മ അറിഞ്ഞത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വീഡിയോ പകർത്തുന്നത് അപ്പോൾ കണ്ടിരുന്നു. എന്നാൽ അത് ഇത്രയും പേർ കണ്ട വിവരമൊന്നും അറിഞ്ഞില്ലെന്ന് എഴുപത് പിന്നിട്ട പ്രഭാവതി പറയുന്നു.
എളുപ്പവഴി തിരഞ്ഞെടുത്ത് സ്കൂട്ടറുമായി മുന്നോട്ടു കടന്നുപോകാൻ ശ്രമിക്കുന്നയാൾക്ക് മുന്നിൽ ധൈര്യത്തോടെ നിലകൊണ്ട് കാൽ കൊണ്ടും കയ്യിലിരുന്ന ഫോൺകൊണ്ടും മറ്റും തടസ്സം സൃഷ്ടിച്ച ശേഷം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തും എന്ന് കൂടി സൂചിപ്പിച്ചാണ് ഇവർ ഫുട്പാത്തിൽ നിന്ന് സ്കൂട്ടർ യാത്രികനെ വന്നവഴി പുറത്തിറക്കിയത്.
വടകര സ്വദേശിയായ വ്ളോഗർ അഫ്‌ലുവിന്റെ ‘അഫ്‌ലു സ്റ്റോറീസ്’ എന്ന ഹാൻഡിലിൽ നിന്നാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് ഈ വീഡിയോയ്ക്ക് ലൈക്കും ഷെയറുമായി രംഗത്തുവന്നത്.
‘‘ എന്റെ വീട് ഇതിന്റെ അപ്പുറത്താ… ഈ വഴി ഞാൻ നടന്നു വരുമ്പോ ഫുട്പാത്തിലൂടെ വണ്ടി കയറിവന്നാൽ ഞാൻ തടയും. ഫുട്പാത്ത് കാൽ നടക്കാർക്കുള്ളതാണ്.’’ – പ്രഭാവതി അമ്മ പറയുന്നു. കോഴിക്കോട് മിനി ബൈപ്പാസിൽ എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയുടെ ഭാഗത്തുനിന്ന് എരഞ്ഞിപ്പാലം ജംക്‌ഷനിലേക്കുള്ള റോഡരികിലെ ഫുട്പാത്തിലാണ് ബുധനാഴ്ച സംഭവം ഉണ്ടായത്.
അതേസമയം ‘ഈ അമ്മമ്മ ടീച്ചറാണോ’ എന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ ‘ഞാൻ ടീച്ചറൊന്നുമല്ല. സാക്ഷരതാ ക്ലാസ് എടുത്തിട്ടുണ്ട്. അൽപം രാഷ്ട്രീയ പ്രവർത്തനമുണ്ട്’ എന്നായിരുന്നു മറുപടി. മഹിളാ അസോസിയേഷന്റെ ജില്ലാകമ്മിറ്റി അംഗമായിരുന്ന പ്രഭാവതി ചാലപ്പുറത്തെ ക്യാപ്റ്റൻ ലക്ഷ്മി ഹോസ്പിറ്റലിൽ വാർഡനായും ജോലി ചെയ്തിരുന്നു. സൈക്കിളോടിക്കാറുണ്ടായിരുന്നു. 1970 കാലഘട്ടത്തിൽ ഡ്രൈവിങ് പഠിച്ചയാളാണ്. അന്നത്തെകാലത്ത് ഫുട്ബോളും കളിക്കാറുണ്ടായിരുന്നു- പ്രഭാവതി വിവരിച്ചു. മുൻപൊരിക്കൽ ഫുട്പാത്തിലൂടെ വന്ന വാഹനം പ്രഭാവതിയമ്മ തടഞ്ഞിരുന്നു. അന്ന് വണ്ടിയോടിച്ച യുവാവ് പ്രഭാവതിയമ്മയെ അടിച്ചു. തുടർന്ന് എസിപിക്ക് പരാതി നൽകിയതിൽ യുവാവിനെ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. അതേസമയം ഇന്നത്തെ കാലത്ത് ആ അമ്മയെ ഇടിച്ചിട്ടു പോകുന്നവരുമുണ്ട്. പക്ഷെ വാഹനമോടിച്ചയാൾ അനുസരണയുള്ളയാണെന്നും ചിലർ കമെന്റ് ചെയ്തു.






