Breaking NewsKeralaLead NewsNEWSpolitics

കെസിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ? കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ, അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും- ചെന്നിത്തല

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം തന്നെ പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനുള്ള നീക്കവുമായി കോൺ​ഗ്രസ് നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാന് അനുകൂലമാണ്. അതിനാൽ തന്നെ പ്രഥമ പരി​ഗണനയും ബെന്നി ബഹനാനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. ആൻറോ ആൻറണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി വിവാദം വന്നതോടെ ആന്റോയെ വെട്ടിയെന്നതാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്.

Signature-ad

അതേസമയം, കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ വിഡി സതീശൻറെ യാത്ര വമ്പിച്ച വിജയമായിരുന്നുവെന്നും കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ ആക്കിയതിന് ഹൈക്കമാൻഡിനോട് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പ്രതികരിച്ചു.

പത്തുവർഷത്തെ ഭരണത്താൽ ജനങ്ങൾ മടുത്തു. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുകയാണ്. ഒരു ചുക്കും ചുണ്ണാമ്പും ഇവിടെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞത് ശരിയാണ്. ഒന്നും മനസിലാകാത്ത ഒരാൾ മുഖ്യമന്ത്രിയാണ്. ഇനിയും ഒരിക്കൽ കൂടി നമ്മെ ഭരിച്ചു കളയും എന്ന ചിന്തയാണുള്ളത്. സർക്കാരിൻറെ പണം എടുത്ത് കെഎസ്ആർടിസി ബസിൽ പരസ്യം കൊടുക്കുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ നടന്നത് വൻ തട്ടിപ്പാണ്. നിയമസഭയെപോലും തെറ്റിദ്ധരിപ്പിച്ചു. മന്ത്രി വി.എൻ വാസവനെതിരെ അവകാശലംഘന നോട്ടീസ് ഇന്ന് നൽകും.

അതുപോലെ അയ്യപ്പ സംഗമത്തിൻറെ കണക്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ദേവസ്വം ബോർഡിന് പണം കൊടുത്തുവെന്നാണ് പറഞ്ഞത്. എന്നാൽ, മുഴുവൻ തുകയുമില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കോൺഗ്രസ് പ്രചാരണ സമിതിയുടെ ആദ്യ യോഗം 16ന് കെപിസിസി ആസ്ഥാനത്ത് നടക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: