മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 10-വര്‍ഷ ഭരണകാലത്ത് ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ പ്രമുഖ ധനകാര്യസ്ഥാപനം യുബിഎസിന്റെ റിപ്പോര്‍ട്ട്. ഏഷ്യ-പസഫിക് മേഖലയില്‍ സമ്പദ്‌രംഗത്ത് ‘ഏറെ തിളക്കമുള്ള രാജ്യമായ’ ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ ആസ്തി കഴിഞ്ഞ ദശാബ്ദത്തില്‍ മൂന്നിരട്ടിയോളം (+263%) ഉയര്‍ന്ന് 905.6 ബില്യണ്‍ ഡോളറില്‍ (ഏകദേശം 76.60 ലക്ഷം കോടി രൂപ) എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ശക്തിയാക്കിയെന്നും അനിതരസാധാരണമായ സാമ്പത്തിക വളര്‍ച്ചയാണ് ഇക്കാലയളവില്‍ രാജ്യം നേടിയതെന്നും യുബിഎസ് പറയുന്നു. യുഎസ്, ചൈന എന്നിവ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയിലാണ്. ആസ്തിയിലും ഇവയ്ക്ക് പിന്നിലായി മൂന്നാമതാണ് ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍.
2023ലെ 153ല്‍ നിന്ന് 2024ല്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി വര്‍ധിച്ചു. ഇവരില്‍ 55.7% പേര്‍ സ്വയാര്‍ജിത ശതകോടീശ്വരന്മാണ്. 100 കോടി ഡോളറിനുമേല്‍ (ഏകദേശം 8,400 കോടി രൂപ) ആസ്തിയുള്ളവരാണ് ശതകോടീശ്വരന്മാര്‍. 40 ഇന്ത്യക്കാരാണ് പുതുതായി ശതകോടീശ്വരപട്ടം ഈ വര്‍ഷം ചൂടിയത്. 7 പേര്‍ ശതകോടീശ്വരന്മാര്‍ അല്ലാതായി.