ഇടുക്കി: വീട്ടില്‍ കയറി ബന്ധുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ദമ്പതിമാരെ പോലിസ് അറസ്റ്റ്‌ചെയ്തു. ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഭര്‍ത്താവാണ് ബന്ധുവായ ആലക്കോട് സ്വദേശിയെ വെട്ടിയത്. സംഭവത്തില്‍ മുണ്ടക്കയം സ്വദേശികളായ ദമ്പതിമാരെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആലക്കോട് സ്വദേശിയായ അന്‍പതുകാരനെതിരേ കേസുണ്ട്.
ബന്ധുവിന്റെ വലതുകൈയിലും കൈമുട്ടിലുമാണ് പരിക്ക്. ദമ്പതിമാര്‍ക്കെതിരേ കഠിന ദേഹോപദ്രവത്തിനാണ് കേസ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; മുണ്ടക്കയം സ്വദേശികളായ യുവദമ്പതിമാര്‍ ആലക്കോട് ചവര്‍ണ ഭാഗത്ത് താമസിക്കുന്ന ഇവരുടെ ബന്ധുവിന്റെ വീട്ടില്‍ ഡിസംബര്‍ ഒന്നിന് രാവിലെ വിരുന്നിന് പോയിരുന്നു. ഇതിനിടെ ബന്ധു തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. അന്നു വൈകിട്ട് തന്നെ ദമ്പതിമാര്‍ തിരികെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോയി. വീട്ടില്‍ എത്തിയശേഷമാണ് സംഭവം ഭര്‍ത്താവിനോട് പറയുന്നത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ ഇരുവരും ആലക്കോട്ടെ ബന്ധുവീട്ടിലെത്തി. ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. ഇതിനിടെ ആലക്കോട് സ്വദേശിയെ യുവതിയുടെ ഭര്‍ത്താവ് വെട്ടുകയായിരുന്നു. വലതുകൈയിലും കൈമുട്ടിലുമായിട്ടാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുവീട്ടില്‍ നാശനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും തന്റെ വീട്ടിലെ തകരാറിലായ ഫ്രിഡ്ജ് യുവതി തുറക്കാന്‍ നോക്കിയപ്പോള്‍ സഹായിക്കാന്‍ ശ്രമിച്ചതാണെന്നും ആലക്കോട് സ്വദേശി പറഞ്ഞു.