ക്യാപ്റ്റനും ഇരട്ടച്ചങ്കനും കെ-ബ്രാന്‍ഡിയുമൊന്നും ഉടനില്ല; ബെവ്‌കോയുടെ നീക്കത്തിന് മന്ത്രിയുടെ വിലക്ക്; ബ്രാന്‍ഡിക്ക് ഉടന്‍ പേരിടില്ല

തിരുവനന്തപുരം: സർക്കാരിന്റെ പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനുണ്ടാവില്ല. തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ എക്സൈസ് മന്ത്രി എം.ബി.രാജേഷ് ബവ്കോ എം.ഡിക്ക് നിർദേശം നൽകി. പാലക്കാട് മേനോൻപാറയിലെ പ്ലാന്റിൽ നിന്നും പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാൻ ബവ്കോ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. മികച്ച നിർദേശങ്ങൾക്ക് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ, സഖാവ് , പോറ്റിയെ കേറ്റി തുടങ്ങി ആയിരക്കണക്കിന് പേരുകൾ ജനങ്ങൾ നിർദേശിച്ചെങ്കിലും ബവ്കോയുടെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കെ.സി.ബി.സി യുടെ മദ്യവിരുദ്ധ സമിതിയും വിവിധ സാംസ്കാരിക സംഘടനകളും പരസ്യ വിമർശനവുമായെത്തി. മദ്യനയത്തിന് വിരുദ്ധമെന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണവും തേടി.
ഈ സാഹചര്യത്തിലാണ് പേരിടലും പാരിതോഷികം നൽകുന്നതും നീട്ടിവയ്ക്കാൻ മന്ത്രി നേരിട്ട് നിർദേശിച്ചത്. ബവ്കോയുടെ നിർദേശം പൂർണമായും പിൻവലിക്കാത്ത സാഹചര്യത്തിൽ അനുകൂല ഘട്ടത്തിൽ പേര് അന്തിമമാക്കാനാണ് ബവ്കോയുടെ തീരുമാനം.






