അറസ്റ്റ് ദു:ഖകരം, പക്ഷേ അനിവാര്യം; കണ്ഠര് രാജീവരുടെ അറസ്റ്റില്‍ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി.പി. സെന്‍കുമാര്‍; ‘നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടും തന്ത്രി നിശബ്ദത പാലിച്ചു, കുടുംബ തന്ത്രികളുടെ ജീര്‍ണതയുടെ ഉദാഹരണം’

തൃശൂര്‍: ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റ് ദുഖകരവും എന്നാല്‍ അനിവാര്യവുമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നില്‍ക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാല്‍ 2019 മുതല്‍ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഉണ്ണികൃഷ്ണന്‍ പോറ്റി അവിടെ വര്‍ഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വര്‍ണ പാളികള്‍ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികള്‍ മാറ്റുന്നു? നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചു. വാജിവാഹനം സ്വന്തമാക്കി. കുടുംബ തന്ത്രികളുകടെ ജീര്‍ണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ. അവനവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അവനവന്‍ തന്നെ പ്രായശ്ചിതം ചെയ്യണം. ദൈവികമായി മാത്രം ചിന്തിക്കേണ്ടവര്‍ ഇഹലോകത്തില്‍ ആസക്തരാകുമ്പോള്‍ ഇങ്ങനെയെല്ലാം ഭവിക്കും.
ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢ മതേ. സാധാരണ ഭക്തരല്ല തന്ത്രികള്‍. അവര്‍ ഏറ്റവും ഉയര്‍ന്ന ആത്മീയത പുലര്‍ത്തേണ്ടവരാണ്. ഞാന്‍ ദൈവതുല്യനൊന്നുമല്ലെന്നും വെറുമൊരു തന്ത്രിയാണെന്നുമാണ് സ്വര്‍ണക്കൊള്ളക്കേസില്‍ ആദ്യഘട്ടത്തില്‍ തന്ത്രി നടത്തിയ പ്രതികരണം’. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ എന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ വരികള്‍ സൂചിപ്പിച്ചുകൊണ്ടാണ് സെന്‍കുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. ഹൈക്കോടതിയുടെ ഇടക്കാല വിധിന്യായങ്ങളില്‍ ഒന്നില്‍ പോലും ബ്രഹ്‌മശ്രീ കണ്ഠര് രാജീവര് അവര്‍കളെ കുറിച്ച് ഒരു നെഗറ്റീര്‍ പരാമര്‍ശമില്ലെന്നും, കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുകയെന്നും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.






