
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനം ബ്രാന്‍ഡ് അംബാസഡര്‍ ആയ നടന്‍ മോഹന്‍ലാലിനെതിരെ ഉപഭോക്താവ് നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ നടത്തിയ വാഗ്ദാനം പാലിച്ചില്ല എന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി. എന്നാല്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് പരാതിക്കാരും ബ്രാന്‍ഡ് അംബാസിഡറായിരുന്ന മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ കേസ് റദ്ദാക്കിയത്. അതേസമയം, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സേവനം ലഭ്യമായിട്ടില്ലെങ്കില്‍ ഉചിതമായ സ്ഥലത്ത് പരാതിപ്പെടുന്നതില്‍ ഹര്‍ജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പരസ്യത്തില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കില്‍ നിന്നു ലഭിച്ചില്ലെന്നും ഇതിനു ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് ഇടപാട് വേളയില്‍ അധികൃതര്‍ പരസ്യം കാണിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരും മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി വ്യക്തമാക്കി.
സ്ഥാപനം വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഉപഭോക്തൃ സംരക്ഷണത്തിലെ 21ാം വകുപ്പ് പ്രകാരം പരാതിക്കാര്‍ക്ക് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മിഷനും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.






