കൊച്ചി: അടിമുടി നാടകീയതകള്‍ നിറഞ്ഞതായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനക്കേസ്. ട്വിസ്റ്റുകളില്‍നിന്ന് ട്വിസ്റ്റുകളിലേക്ക് നീണ്ട കേസില്‍ ഒടുവില്‍ പരാതിക്കാരിയും പ്രതിയായ ഭര്‍ത്താവും ഒത്തുതീര്‍പ്പിലെത്തിയതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയുംചെയ്തു. എന്നാല്‍, ഒന്നരമാസത്തിന് ശേഷം അതേ യുവതി വീണ്ടും ഭര്‍ത്താവിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവായ രാഹുല്‍ പി. ഗോപാല്‍ മര്‍ദിച്ചെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആരോപണം. അമ്മയെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെതിരേ വധശ്രമം, ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതി പോലീസ് കസ്റ്റഡിയിലാണ്.
2024 മെയ് 12-ാം തീയതിയാണ് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിന്റെ തുടക്കം. പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍വെച്ച് പറവൂര്‍ സ്വദേശിനിയായ യുവതിയെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാല്‍ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു അന്നത്തെ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്തൃവീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിനെത്തിയപ്പോളാണ് മര്‍ദനവിവരം പുറത്തറിഞ്ഞതെന്നും അന്ന് പരാതിയിലുണ്ടായിരുന്നു.
2024 മെയ് അഞ്ചാം തീയതിയാണ് പന്തീരാങ്കാവ് ‘സ്നേഹതീര’ത്തില്‍ രാഹുല്‍ പി. ഗോപാലും(29) എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. ഒരാഴ്ചയ്ക്ക് ശേഷം പറവൂരില്‍നിന്ന് രാഹുലിന്റെ വീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിനെത്തിയ യുവതിയുടെ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് യുവതിയെയും കൂട്ടി ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
മദ്യലഹരിയില്‍ രാഹുല്‍ മര്‍ദിച്ചെന്നും മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്തിലിട്ട് മുറുക്കിയെന്നുമായിരുന്നു അന്ന് യുവതി നല്‍കിയ മൊഴി. സ്ത്രീധനമായി കൂടുതല്‍ പണവും കാറും ആവശ്യപ്പെട്ടതായും അന്ന് ആരോപിച്ചിരുന്നു. ഒരുമിച്ച് കുളിക്കാത്തതിന് രാഹുല്‍ പിണങ്ങിയെന്നും രാഹുലിന് ചോറുവാരികൊടുക്കാന്‍ നിര്‍ബന്ധിച്ചെന്നുമെല്ലാം യുവതി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
എന്നാല്‍, രാഹുലിന്റെ കുടുംബം ഈ പരാതി അപ്പാടെ നിഷേധിച്ചു. ജര്‍മനിയില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലിചെയ്യുന്ന രാഹുലിന് സ്ത്രീധനത്തിന്റെ ആവശ്യമില്ലെന്നും ആരോപണം തെറ്റാണെന്നുമായിരുന്നു ഇവരുടെ പ്രതികരണം. ഇതിനിടെ, പോലീസ് കേസെടുത്തതിന് പിന്നാലെ രാഹുല്‍ പി. ഗോപാല്‍ നാട്ടില്‍നിന്നും കടന്നുകളഞ്ഞു. സംഭവം വിവാദമായതോടെ രാഹുലിനായി പോലീസും ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍, അതിനകം ബെംഗളൂരു വഴി രാഹുല്‍ സിങ്കപ്പൂരിലേക്ക് കടന്നിരുന്നു. ഇതിനിടെ രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ഒരു സുഹൃത്തിനെ പോലീസ് പിടികൂടി. പ്രതിക്ക് രക്ഷപ്പെടാന്‍ സഹായമൊരുക്കിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥനും സസ്പെന്‍ഷനിലായി.
അതേസമയം, സ്ത്രീധനം ചോദിച്ചെന്ന ആരോപണം തെറ്റാണെന്ന് വിദേശത്തുനിന്ന് രാഹുലും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഭാര്യയുടെ ഫോണില്‍വന്ന ചില കോളുകളും സന്ദേശങ്ങളും കണ്ടതിലുണ്ടായ പ്രകോപനത്തിലണ് അടിച്ചതെന്നായിരുന്നു ഇയാളുടെ പ്രതികരണം. ഇതിനുശേഷം ഒരുമിച്ചിരുന്ന് സംസാരിച്ച് എല്ലാം ഒത്തുതീര്‍പ്പാക്കിയതാണ്. എന്നാല്‍, യുവതിയുടെ വീട്ടുകാര്‍ അടുക്കള കാണല്‍ ചടങ്ങിന് എത്തിയതിന് പിന്നാലെയാണ് പ്രശ്നം വഷളായതെന്നും രാഹുല്‍ പറഞ്ഞിരുന്നു. വിവാഹചെലവിന്റെ 75 ശതമാനവും വഹിച്ചത് താനാണെന്നും ആദ്യം മറ്റൊരുവിവാഹം രജിസ്റ്റര്‍ ചെയ്തകാര്യം മറച്ചുവെച്ചിട്ടില്ലെന്നും അന്ന് രാഹുല്‍ അവകാശപ്പെട്ടിരുന്നു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ സുപ്രധാന ട്വിസ്റ്റ് സംഭവിക്കുന്നത് 2024 ജൂണ്‍ പത്താം തീയതിയായിരുന്നു. അന്നുവരെ രാഹുലിനെതിരേ നിരന്തരം ആരോപണം ഉന്നയിക്കുകയും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത യുവതി മൊഴിമാറ്റി. താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നായിരുന്നു യൂട്യൂബ് ചാനലിലൂടെ യുവതിയുടെ വെളിപ്പെടുത്തല്‍.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; യുവതി പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍
ഭര്‍ത്താവ് രാഹുലിനെതിരേ മോശമായ കാര്യങ്ങള്‍ പറഞ്ഞതില്‍ കുറ്റബോധമുണ്ടെന്നും വീട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിച്ചതിനാലാണ് നുണകള്‍ പറഞ്ഞതെന്നുമായിരുന്നു യുവതി പറഞ്ഞത്. രാഹുല്‍ രണ്ടുതവണ തല്ലിയെന്നത് ശരിയാണ്. അത് ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. തലയ്ക്ക് പരിക്കേറ്റത് ബാത്ത്റൂമില്‍ വീണതിനാലാണെന്നും കേസിന് ബലം കിട്ടാനായാണ് മറ്റുപല ആരോപണങ്ങളും ഉന്നയിച്ചതെന്നും യുവതി പറഞ്ഞിരുന്നു. രാഹുലിനെ ഏറെ ഇഷ്ടമാണെന്നും ഒരുമിച്ച് ജീവിക്കാനാണ് താത്പര്യമെന്നും പരാതിക്കാരി പറഞ്ഞു.
ഈ വെളിപ്പെടുത്തലിന് പിന്നാലെ വീട്ടില്‍നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് യുവതി വീണ്ടും രംഗത്തെത്തി. പിന്നാലെ യുവതിയെ കാണാനില്ലെന്ന് വീട്ടുകാരും പരാതി നല്‍കി. എന്നാല്‍, ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് വെളിപ്പെടുത്തി യുവതി തന്നെ പിന്നീട് രംഗത്തെത്തി. ഇതിനിടെ, ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കാനായി പ്രതി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചു. രാഹുലടക്കം അഞ്ചുപേരെ പ്രതിചേര്‍ത്ത് പോലീസ് ഇതിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നാലെ രാഹുല്‍ പി. ഗോപാല്‍ വിദേശത്തുനിന്ന് നാട്ടിലെത്തുകയുംചെയ്തു.
കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ രാഹുലിനോടും പരാതിക്കാരിയായ ഭാര്യയോടും ആദ്യം കൗണ്‍സിലിങ്ങിന് വിധേയമാകാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. പിന്നാലെ പരാതിക്കാരി കേസില്‍നിന്ന് പിന്മാറിയതിന്റെ പശ്ചാത്തലത്തില്‍ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. 2024 ഒക്ടോബര്‍ 25-നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഇതിനുശേഷം രാഹുലും ഭാര്യയും വീണ്ടും ഒരുമിച്ച് താമസം തുടങ്ങി. എന്നാല്‍, കൃത്യം ഒരുമാസത്തിന് ശേഷമാണ് യുവതി വീണ്ടും രാഹുലിനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.