കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലത്തും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.
യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയില്‍നിന്നു നല്‍കിയ വിവരം അനുസരിച്ചാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പന്തീരങ്കാവ് പൊലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകള്‍ ചുമത്തുന്നതെന്നും പൊലീസ് അറിയിച്ചു.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രാത്രിയാണ് 26 കാരിയായ യുവതിയെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറും വനിത എഎസ്‌ഐയും രാത്രി ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്തുനിന്നു മാതാപിതാക്കള്‍ എത്തിയാല്‍ നാട്ടിലേക്കു തിരിച്ചുപോകാന്‍ സൗകര്യം നല്‍കണമെന്നു യുവതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
നേരത്തേ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് നടപടിയില്‍ വീഴ്ച ഉണ്ടായെന്ന വിമര്‍ശനത്തിലും വനിതാ കമ്മിഷന്‍ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാരെ ഐജി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഭര്‍ത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും ഹൈക്കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പ് ഹര്‍ജിയില്‍ കഴിഞ്ഞ രണ്ടുമാസം മുന്‍പാണ് കേസ് കോടതി റദ്ദാക്കിയത്.