തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനങ്ങളില്‍ ഗവര്‍ണറെ എതിര്‍ക്കാന്‍ ഉറച്ചുതന്നെ സര്‍ക്കാര്‍. സാങ്കേതിക സര്‍വകലാശാലയ്ക്ക് പിന്നാലെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലും സര്‍ക്കാര്‍ സ്ഥിരം വിസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിസി നിയമനത്തിനായി സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി ആണ് വിജ്ഞാപനം പുറത്തിറക്കിയത്.
സംസ്ഥാനത്ത് വൈസ് ചാന്‍സിലര്‍ നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിയമനാവകാശം തനിക്കാണ് എന്ന് സര്‍ക്കാരും ഗവര്‍ണറും പരസ്പരം വാദിക്കുമ്പോള്‍ താല്‍ക്കാലിക ചുമതലക്ക് പോലും സര്‍വകലാശാലകളില്‍ ആളില്ല. ഈ ഘട്ടത്തില്‍ സ്ഥിരം തസ്തികയിലേക്കുള്ള നിയമനപ്രക്രിയയില്‍ വീണ്ടുമൊരു ചുവടുകൂടി വയ്ക്കുകയാണ് സര്‍ക്കാര്‍.
സാങ്കേതിക സര്‍വകലാശാലയിലെ സ്ഥിരം വിസി നിയമനത്തിനുള്ള നീക്കത്തിന് പിന്നാലെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലും സര്‍ക്കാര്‍ വൈസ് ചാന്‍സിലര്‍ക്കായി വിജ്ഞാപനം പുറത്തിറക്കി. ഗവര്‍ണറെ മറികടന്ന് സര്‍ക്കാര്‍ രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റിയാണ് വിജ്ഞാപനം പുറത്തിറക്കിയത്.
സര്‍വകലാശാലകളിലെ പത്ത് വര്‍ഷ പ്രൊഫസര്‍ഷിപ്പോ ഗവേഷണ/അക്കാദമിക് സ്ഥാപനങ്ങളില്‍ പത്ത് വര്‍ഷം അക്കാദമിക ചുമതലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കോ അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ ഏഴിനുള്ളില്‍ രജിസ്റ്റേഡ് തപാലായും ഇ-മെയില്‍ മുഖേനയും സര്‍വകലാശാലയില്‍ എത്തിക്കണം. ശേഷം സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിക്കുന്ന പാനലില്‍ നിന്നാകും നിയമനം നടത്തുക.
അതേസമയം അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെങ്കിലും യോഗ്യതയുള്ള അക്കാദമിക് വ്യക്തികളെ കൂടി കമ്മിറ്റി പരിഗണിക്കും. അഞ്ച് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 70 വയസാകുന്നതുവരെയാണ് നിയമനം. വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് എന്ത് എന്നാണ് ഇനി കണ്ടറിയേണ്ടത്.